ഗസ്സ: ഹമാസുമായുള്ള ഏറ്റുമുട്ടലിൽ തങ്ങളുടെ രണ്ട് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) അറിയിച്ചു. തെക്കൻ ഗസ്സയിൽ നടന്ന ഏറ്റുമുട്ടലിൽ ജറൂസലേമിൽനിന്നുള്ള സ്റ്റാഫ് സർജൻറ് ഇഡോ എലി സ്രിഹെൻ (20), ഷാവേ ഷോംറോണിൽ നിന്നുള്ള സ്റ്റാഫ് സർജൻറ് നരിയ ബെലെറ്റ് (21) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ചയാണ് ഇവരുടെ മരണവിവരം ഐഡിഎഫ് പുറത്തുവിട്ടത്. ഇഡോ എലിയുടെ സംസ്‌കാരം ഞായറാഴ്ച ഹെർസൽ മൗണ്ടിലെ സൈനിക സെമിത്തേരിയിൽ നടക്കും. ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും അധിനിവേശ സേന അറിയിച്ചു. ഇത്യോപ്യയിൽ നിന്ന് ഇസ്രായേലിലേക്ക് കുടിയേറിയതാണ് ബെലെറ്റിന്റെ കുടുംബം. നതന്യ സൈനിക സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും.
അതിനിടെ, ഒക്ടോബർ 7 മുതൽ 578 ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടതായി അധിനിവേശ സേന അറിയിച്ചു. ഇതിൽ ഗസ്സയിൽ കരയാക്രമണം ആരംഭിച്ച ശേഷമാണ് 240 പേർ മരിച്ചത്. ഒക്ടോബർ ഏഴിന് ഹമാസ് ഓപറേഷനിൽ പരിക്കേറ്റ 317 സൈനികർ ഇപ്പോഴും ചികിത്സയിലാണ്. ഇതിൽ 29 പേരുടെ നില ഗുരുതരമാണെന്നും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കരയുദ്ധം ആരംഭിച്ച ശേഷം 2,965 സൈനികർക്കാണ് പരിക്കേറ്റത്. ഇതിൽ 453 പേരുടെ നില ഗുരുതരമാണെന്നും ഐ.ഡി.എഫ് അറിയിച്ചു. മൊത്തം 3282 സൈനികർ ചികിത്സയിൽ കഴിയുന്നതിൽ 482 പേർ ഗുരുതരാവസ്ഥയിലാണെന്ന് ഇസ്രായേൽ പറയുന്നു.