റിയാദ്∙ ഇസ്രയേലിനെതിരെയുള്ള സൈനിക നീക്കത്തിൽ ഹമാസിനു പിന്തുണ പ്രഖ്യാപിച്ച് ഇറാനും ഖത്തറും. ഇസ്രയേലിനെതിരെ സധൈര്യം ആക്രമണം നടത്തുന്ന പലസ്തീൻ പോരാളികളെ അഭിനന്ദിക്കുന്നതായി ഇറാൻ പ്രഖ്യാപിച്ചു. ഇറാന്റെ പരമോന്നത നേതാവ് അലി ഹുസൈനി ഖമെനെയിയുടെ ഉപദേശകനാണ് ഇക്കാര്യം അറിയിച്ചത്. പലസ്തീനിന്റെയും ജറുസലമിന്റെയും സ്വാതന്ത്ര്യം യാഥാർഥ്യമാകുന്നതുവരെ പലസ്തീൻ പോരാളികൾക്കൊപ്പം ഉറച്ചുനിൽക്കുമെന്നാണ് ഇറാന്റെ നിലപാട്.പലസ്തീനെതിരായ സംഘർഷത്തിന്റെ ഏക ഉത്തരവാദി ഇസ്രയേൽ മാത്രമാണെന്ന് ഖത്തറും വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയും പുറത്തിറക്കി. ഇരു വിഭാഗങ്ങളും അക്രമങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന് ഖത്തർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഈ അക്രമ സംഭവങ്ങളുടെ മറവിൽ ഗാസയിലെ പലസ്തീൻകാർക്കെതിരെ യുദ്ധം ചെയ്യുന്നതിൽനിന്ന് ഇസ്രയേലിനെ തടയാൻ രാജ്യാന്തര സമൂഹം ഇടപെടണമെന്നും ഖത്തർ ആവശ്യപ്പെട്ടു.
അതേസമയം, ഇസ്രയേലിനെതിരായ സൈനിക നീക്കത്തിൽനിന്ന് ഹമാസ് പിൻവാങ്ങമെന്ന് അഭ്യർഥിച്ച് സൗദി അറേബ്യ രംഗത്തെത്തി. നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് സൗദിയെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയ്ക്കു പുറമേ യൂറോപ്യൻ കമ്മിഷനും പ്രമുഖ രാജ്യങ്ങളും ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു. യുഎസ്എ, ഫ്രാൻസ്, ജർമനി, യുകെ, സ്പെയിൻ, ബെൽജിയം, ഗ്രീസ്, ഇറ്റലി, പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക്, യുക്രെയ്ൻ തുടങ്ങിയ രാജ്യങ്ങൾ ആക്രണത്തിനെതിരെ രംഗത്തെത്തി. ഇരു രാജ്യങ്ങളും അക്രമത്തിൽനിന്ന് വിട്ടുനിൽക്കണമെന്ന് റഷ്യ, തുർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ആവശ്യപ്പെട്ടു.
ഗാസ മുനമ്പിൽനിന്ന് വൻതോതിലുള്ള റോക്കറ്റാക്രമണവും ദക്ഷിണ മേഖലയിലേക്കുള്ള നുഴഞ്ഞുകയറ്റവും തുടരുന്നതിനിടെ, ഇസ്രയേൽ പലസ്തീനെതിരെ യുദ്ധം പ്രഖ്യാപിച്ചു. അക്രമ സംഭവങ്ങളിൽ ഇതുവരെ 40 പേർ കൊല്ലപ്പെട്ടതായും ഏഴുനൂറിലേറെപ്പേർക്ക് പരുക്കേറ്റതായുമാണ് റിപ്പോർട്ടുകൾ. നിരവധി ആളുകൾ ഗുരുതരാവസ്ഥയിലാണ്. ഈ മേഖലയിൽ സമീപകാലത്തെ ഏറ്റവും വലിയ സംഘർഷമാണ് ശനിയാഴ്ച രാവിലെ ആരംഭിച്ചത്.
ശനിയാഴ്ച പുലർച്ചെയാണ് ഓപ്പറേഷൻ അൽ–അഖ്സ സ്റ്റോം എന്ന പേരിൽ ഇസ്രയേലിനെതിരെ സൈനിക നീക്കം ആരംഭിച്ചതെന്ന് ഹമാസിന്റെ സൈനിക വിഭാഗം നേതാവ് മുഹമ്മദ് ഡീഫ് പരസ്യ പ്രസ്താവനയിൽ അറിയിച്ചത്. ടെൽ അവീവ് പ്രദേശം വരെ അപായ സൈറണുകൾ മുഴങ്ങിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു. ഗാസയിൽനിന്നു വ്യാപകമായി നുഴഞ്ഞുകയറ്റവും നടക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇസ്രയേൽ സൈനികരെ തടവിലാക്കിയതായി ഹമാസ് അവകാശപ്പെട്ടു. ഇസ്രയേലിന്റെ റോഡുകളില്‍ റോന്തു ചുറ്റുന്ന വിഡിയോകൾ പുറത്തുവന്നു.
ഇതിനിടെ ഇസ്രയേൽ യുദ്ധം പ്രഖ്യാപിച്ചു. തങ്ങൾ ഇപ്പോൾ യുദ്ധത്തിലാണെന്നും ഇതിൽ വിജയിക്കുമെന്നും പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയാണ് നെതന്യാഹു ജനങ്ങളെ അഭിസംബോധന ചെയ്തത്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി നെതന്യാഹു പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെത്തിയിട്ടുണ്ട്.