ജറൂസലം: ഗസ്സയിൽ ഇടതടവില്ലാതെ ബോംബിട്ട് കൂട്ടക്കൊല തുടരുന്നതിനിടെ കൂട്ട കുടിയൊഴിപ്പിക്കൽ പദ്ധതിയുമായി ഇസ്രായേൽ. കോംഗോ അടക്കമുള്ള രാജ്യങ്ങളുമായി അഭയാർഥികളെ സ്വീകരിക്കുന്നത് സംബന്ധിച്ച രഹസ്യചർച്ച നെതന്യാഹു സർക്കാർ തുടങ്ങിയതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇക്കാര്യം സ്ഥിരീകരിക്കുന്ന നെതന്യാഹു മന്ത്രിസഭയിലെ തീവ്ര വലതുപക്ഷ അംഗങ്ങളായ ബെസലേൽ സ്മോട്രിച്ചിന്റെയും ബെൻ ഗിവിറിന്റെയും പ്രസ്താവനയും പുറത്തുവന്നു. എന്നാൽ, അമേരിക്കയും ഫ്രാൻസും ജർമനിയും അടക്കമുള്ള രാജ്യങ്ങൾ ഇതിനെതിരെ രംഗത്തെത്തി.
യുദ്ധം തീർന്നാൽ ഗസ്സയിൽ അവശേഷിക്കുന്നവരെ മറ്റു രാജ്യങ്ങളിലേക്ക് നിർബന്ധിതമായി മാറ്റാനാണ് ഇസ്രായേലിന്റെ പദ്ധതി. ഗസ്സയിൽ സ്ഥിരമായി സൈനിക പോസ്റ്റുകൾ സ്ഥാപിക്കാനും നീക്കമുണ്ട്. നിർബന്ധിത കുടിയേറ്റം പ്രോത്സാഹിപ്പിക്കണമെന്നും ഇതിന് അനുയോജ്യമായ രാജ്യങ്ങൾ കണ്ടെത്തണമെന്നും സ്മോട്രിച് ഇസ്രായേലി മാധ്യമമായ ചാനൽ 12നോട് പറഞ്ഞു. ഗസ്സയിൽനിന്ന് പിന്മാറുന്ന പ്രശ്നമില്ലെന്നും അവിടെ ജൂത കുടിയേറ്റ കോളനികൾ ഉണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ബെൻ ഗിവിർ പറഞ്ഞു. എന്നാൽ, ഇരുവരുടേതും ഉത്തരവാദിത്തരഹിതമായ പ്രസ്താവനയാണെന്ന് യു.എസ് വിദേശകാര്യ വക്താവ് മാത്യു മില്ലർ കുറ്റപ്പെടുത്തി. ഇത്തരം പ്രസ്താവനകൾ ഒരിക്കലും സർക്കാർ നയത്തിന്റെ ഭാഗമല്ലെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നിരന്തരം അമേരിക്കൻ ഭരണകർത്താക്കളോട് പറഞ്ഞിരുന്നു. ഗസ്സ ഫലസ്തീന്റെ ഭാഗമാണ്.
ഇസ്രായേലിന് ഭീഷണിയാകാത്തിടത്തോളം അങ്ങനെത്തന്നെ നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫലസ്തീനികളെ ഗസ്സയിൽനിന്ന് പുറന്തള്ളുന്നതിനോട് യോജിപ്പില്ലെന്നും ഇസ്രായേലികൾക്കും ഫലസ്തീനികൾക്കും സമാധാനപരമായി ജീവിക്കാൻ ദ്വിരാഷ്ട്ര പരിഹാരമാണ് ഉചിതമെന്നും ജർമൻ വിദേശകാര്യ വക്താവ് സെബാസ്റ്റ്യൻ ഫിഷർ പറഞ്ഞു. ഇത്തരം പ്രസ്താവനകൾ സംഘർഷം വ്യാപിപ്പിക്കുമെന്ന് ഇസ്രായേൽ യുദ്ധ മന്ത്രിസഭാംഗം ബെന്നി ഗാന്റ്സുമായുള്ള ഫോൺ സംഭാഷണത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പറഞ്ഞു.