തെൽ അവീവ്: സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണച്ചതിനെ തുടർന്ന് അയർലാൻഡ്, നോർവെ രാജ്യങ്ങളിൽ നിന്നുള്ള അംബാസിഡർമാരെ തിരിച്ചുവിളിച്ച് ഇസ്രായേൽ. രാജ്യത്തിന്റെ വിദേശകാര്യമന്ത്രാലയമാണ് അംബാസിഡർമാരെ അടിയന്തരമായി തിരിച്ചുവിളിക്കുന്ന വിവരം അറിയച്ചത്.
ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള തീരുമാനം ഇസ്രയേലിന്റെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെയും ഗാസയിൽ ഹമാസ് ബന്ദികളാക്കിയ 128 പേരെ തിരിച്ചയക്കാനുള്ള ശ്രമങ്ങളെയും ഹനിക്കുന്നതാണെന്നും വിദേശകാര്യമന്ത്രി കാറ്റ്സ് പറഞ്ഞു.
ഇസ്രായേൽ ഒരിക്കലും നിശബ്ദരാവില്ല. ഞങ്ങൾ ലക്ഷ്യങ്ങൾ നേടുക തന്നെ ചെയ്യും. തങ്ങളുടെ പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കുകയും ഹമാസിനെ ഇല്ലാതാക്കുകയും ബന്ദികളെ തിരിച്ചെത്തിക്കുകയും ചെയ്യുമെന്നും ഇസ്രായേൽ വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേർത്തു.
മേഖലയിലെ ശാശ്വത സമാധാനത്തിനായി ദ്വിരാഷ്ട്ര വാദത്തെ പിന്തുണക്കുമെന്ന സൂചന നിരവധി യുറോപ്യൻ രാജ്യങ്ങൾ നൽകിയിരുന്നു. യുറോപ്യൻ യൂണിയൻ രാജ്യങ്ങൾ യു.എന്നിൽ വൈകാതെ തന്നെ ഈ നിലപാട് അറിയിക്കുമെന്ന റിപ്പോർട്ടുകളുണ്ട്.