ഗാസ: ഗാസയിൽ ഭക്ഷണം വാങ്ങാൻ കാത്തുനിന്നവർക്ക് നേരെയുണ്ടായ ഇസ്രയേൽ വെടിവയ്പ്പിനെ അപലപിച്ച് രാജ്യങ്ങൾ. സംഭവത്തിൽ 112 പേർ കൊല്ലപ്പെടുകയും 760 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ വെടിവയ്പ്പിൽ മാത്രമല്ല മരണമെന്നും, തിരക്ക് കൂട്ടിയവർക്കിടയിലേക്ക് ലോറികൾ ഓടിച്ചുകയറ്റിയതാണ് കൂടുതൽ പേർ മരിക്കാൻ കാരണമായതെന്നും അവകാശപ്പെടുന്ന റിപ്പോർട്ടുകളും വ്യാപകമാണ്. ഗാസയുടെ തെക്ക് പടിഞ്ഞാറൻ മേഖലയിലാണ് സംഭവം.
എന്നാൽ മുന്നറിയിപ്പ് നൽകുന്ന രീതിയിലുള്ള വെടിവയ്പാണ് ടാങ്കുകളിൽ നിന്ന് ഉണ്ടായതെന്നും വാഹന വ്യൂഹത്തിന് വെടിയേറ്റിട്ടില്ലെന്നും ഇസ്രയേൽ അവകാശപ്പെടുമ്പോൾ ഇസ്രയോൽ സൈന്യം നേരിട്ട് വെടിയുതിർത്തെന്നാണ് പാലസ്തീൻ അവകാശപ്പെടുന്നത്. വെടിവയ്പുണ്ടായതിന് പിന്നാലെ വാഹന വ്യൂഹത്തിനിടയിൽ കുടുങ്ങിപ്പോയവരാണ് മരിച്ചവരിലേറെയുമെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ ദൃക്സാക്ഷികളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നത്. നൂറുകണക്കിന് ആളുകൾ സഹായവുമായി എത്തിയ ലോറികൾക്ക് ചുറ്റും കൂടി നിൽക്കുന്നതിന്റെ ഉപരിതല ചിത്രങ്ങൾ ഇസ്രയേൽ ഇതിനോടകം പുറത്ത് വിട്ടിട്ടുണ്ട്.
കൊല്ലപ്പെട്ടവരുടെ മൃതദേഹം സഹായവുമായി എത്തിയ ട്രെക്കിലാക്കിയിട്ടുള്ള ഗ്രാഫിക് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. സംഭവത്തിന് പിന്നാലെ യുഎൻ സുരക്ഷാ സമിതി അടിയന്തര മീറ്റിംഗ് ചേർന്നിരുന്നു. ഭക്ഷണം വാങ്ങാനെത്തിയവർക്ക് നേരെയുള്ള സൈനിക വെടിവയ്പ് ഒരു വിധത്തിലും നീതീകരിക്കാനാവില്ലെന്നാണ് ഫ്രാൻസ് സംഭവത്തേക്കുറിച്ച് പ്രതികരിച്ചത്. താൽക്കാലിക വെടിനിർത്തലിനായി എങ്കിലും നടക്കുന്ന സമാധാന ചർച്ചകളെ ശ്രമം സാരമായി ബാധിക്കുമെന്ന ആശങ്കയാണ് സംഭവത്തിന് പിന്നാലെ അമേരിക്ക പങ്കുവച്ചത്.
ഒക്ടോബർ 7ന് ആരംഭിച്ച സംഘർഷങ്ങളുടെ പിന്നാലെ 30000 ആളുകൾ കൊല്ലപ്പെട്ടതായു്ള ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പുറത്ത് വന്നതിന് മണിക്കൂറുകൾ പിന്നിടുമ്പോഴാണ് പുതിയ ആക്രമണം നടക്കുന്നത്. 21000 കുട്ടികളും സ്ത്രീകളും അടക്കമാണ് 30000 പേർ കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് ഗാസ വിശദമാക്കിയത്. 70450 പേർക്ക് പരിക്കേൽക്കുകയും 7000ത്തോളം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്നാണ് ഗാസയുടെ കണക്കുകൾ വിശദമാക്കുന്നത്.