വെസ്റ്റ് ബാങ്ക്: വടക്കൻ വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ ഫലസ്തീനികളെ ആക്രമിക്കാനെത്തിയ ഇസ്രായേൽ സൈനികൻ ബോംബ് സ്ഫോടനത്തിൽ മരിച്ചു. റോഡരികിൽ സ്ഥാപിച്ച ബോംബ് പൊട്ടിയാണ് രഹസ്യാന്വേഷണ വിഭാഗം സ്‌നൈപ്പർ ടീം കമാൻഡർ അലോൺ സാഗിയു (22) കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. 16 സൈനികർക്ക് പരിക്കേറ്റതായും ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു.
അഭയാർഥി ക്യാമ്പിൽ ഹമാസ് അംഗങ്ങളുണ്ടെന്നാരോപിച്ച് കുട്ടികളടക്കമുള്ള നിരപരാധികളെ പിടിച്ചുകൊണ്ടുപോകാനും കൊലപ്പെടുത്താനും മാരകായുധങ്ങളുമായി എത്തിയതായിരുന്നു അധിനിവേശ സേന. ഒക്ടോബർ ഏഴുമുതൽ കടുത്ത ഭീകരതയാണ് സൈന്യം വെസ്റ്റ് ബാങ്കിൽ അഴിച്ചുവിടുന്നത്. 4,150 ഫലസ്തീനികളെ ഇസ്രായേൽ അധിനിവേശ സേന പിടിച്ചുകൊണ്ടുപോവുകയും 540-ലധികം പേരെ കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച പുലർച്ചയോടെ ജെനിനിലെ റോഡിൽ സ്ഥാപിച്ചിരുന്ന ബോംബിൽ സൈന്യത്തിന്റെ കവചിത വാഹനം കയറിയതോടെയാണ് സ്ഫോടനം ഉണ്ടായത്. വാഹനത്തിനുള്ളിലെ സൈനികർക്ക് സംഭവത്തിൽ പരിക്കേറ്റു. ഇതോടെ കൂടുതൽ സേന സംഭവസ്ഥലത്ത് എത്തുകയും പരിക്കേറ്റ സൈനികരെ ഒഴിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനിടെ മറ്റൊരു ബോംബുകൂടി പൊട്ടിത്തെറിക്കുകയായിരുന്നു. ഇൗ സ്ഫോടനത്തിലാണ് സാഗിയു കൊല്ലപ്പെട്ടത്. പരിക്കേറ്റ സൈനികരിൽ ഒരാളുടെ നില ഗുരുതരവും അഞ്ച് പേരുടേത് സാരമുള്ളതുമാണെന്ന് ഐ.ഡി.എഫ് അറിയിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഫലസ്തീൻ ഇസ്‍ലാമിക് ജിഹാദ് ഏറ്റെടുത്തു. പതിവുപോലെ ബുൾഡോസർ ഉപയോഗിച്ച് റോഡുകൾ മാന്തിപ്പൊളിച്ച ശേഷമായിരുന്നു കവചിതവാഹനം അഭയാർഥി ക്യാമ്പ് ലക്ഷ്യമിട്ട് സഞ്ചരിച്ചിരുന്നത്. എന്നാൽ, ഏകദേശം ഒന്നര മീറ്റർ ആഴത്തിൽ കുഴിച്ചിട്ട ഈ ബോംബുകൾ കണ്ടെത്താൻ സൈന്യത്തിന് കഴിഞ്ഞില്ല.