ഗസ്സ: തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിലൂടെ സൈക്കിളുമായി പോകുകയായിരുന്ന രണ്ട് ഫലസ്തീനികൾക്ക് മേൽ ബോംബിട്ടത് തങ്ങൾക്ക് സംഭവിച്ച ‘അബദ്ധ’മാണെന്ന് ഇസ്രായേൽ സൈന്യം. ഇതുസംബന്ധിച്ച് സൈന്യം പ്രസ്താവന പുറത്തുവിട്ടു. ഗസ്സയിൽ പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ ആയിരങ്ങളെ ദിവസവും കൊലപ്പെടുത്തുന്നത് തുടരുന്നതിനിടെയാണ് രണ്ട് പേരെ കൊലപ്പെടുത്തിയത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന ഇസ്രായേൽ സൈന്യത്തിന്‍റെ ‘ഏറ്റുപറയൽ’.വടക്കൻ ഗസ്സയിലെ സൈതൂൺ മേഖലയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് രണ്ട് ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. സഹായം എന്തെങ്കിലും ലഭിക്കുന്നതിനായി സൈക്കിളിൽ പോകുകയായിരുന്നു രണ്ട് പേർ. ഒരാൾ സൈക്കിൾ തള്ളി നടക്കുകയും മറ്റൊരാൾ കൂടെ നടക്കുകയുമായിരുന്നു. ഇവരുടെ കൈയിലുണ്ടായിരുന്ന സൈക്കിൾ റോക്കറ്റ് ലോഞ്ചറാണെന്ന് തെറ്റിദ്ധരിച്ചാണ് ബോംബിട്ടതെന്ന് ഇസ്രായേൽ സൈന്യം പറയുന്നു.
സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടാമന് സാരമായ പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇസ്രായേൽ സൈന്യം ഇവരെ ആക്രമിക്കുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഗസ്സയിൽ ഇസ്രായേൽ തുടരുന്ന നരനായാട്ടിൽ 31,000 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. സൈനിക ആക്രമണത്തിന് പുറമേ പട്ടിണിയും അസുഖങ്ങളും കാരണവും ആളുകൾ മരിച്ചുവീഴുകയാണ്. നാല് മാസത്തിനുള്ളില്‍ ഗസ്സയില്‍ കൊല്ലപ്പെട്ടത് 12,300 കുട്ടികളാണ്. ലോകത്താകമാനം നാല് വര്‍ഷം കൊണ്ട് കൊല്ലപ്പെട്ടതിനേക്കാള്‍ കൂടുതല്‍ വരുമിത്.