റാമല്ല: ഇസ്രായേൽ സൈന്യം കുരുതി നടത്തിയ വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽനിന്ന് ഫലസ്തീനികളുടെ കൂട്ടപ്പലായനം. മേഖലയിൽ രണ്ടു പതിറ്റാണ്ടിനിടെ നടന്ന ഏറ്റവും വലിയ ആക്രമണത്തിൽ രണ്ട് കുട്ടികളുൾപ്പെടെ പത്തുപേർ കൊല്ലപ്പെട്ടിരുന്നു. നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വീടുകളും റോഡുകളും തകർത്ത് ഇസ്രായേൽ മഹാക്രൂരത കാട്ടിയ ക്യാമ്പിൽനിന്ന് മണിക്കൂറുകൾക്കിടെ ആയിരങ്ങൾ പലായനം ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. ജെനിൻ പട്ടണത്തിലെ സ്കൂളുകളിലും മറ്റു കേന്ദ്രങ്ങളിലുമാണ് ഇവർക്ക് അഭയമൊരുക്കിയിരിക്കുന്നത്. ആക്രമണം അവസാനിപ്പിക്കില്ലെന്ന് ഇസ്രായേൽ വ്യക്തമാക്കിയ സാഹചര്യത്തിൽ പലായനം തുടരുമെന്ന് ഫലസ്തീൻ റെഡ് ക്രസന്റ് വൃത്തങ്ങൾ അറിയിച്ചു. രണ്ടാം ദിവസവും ആക്രമണം തുടരുന്ന ക്യാമ്പിൽ നിരവധി പേർക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കേണ്ടതുണ്ടെന്ന് യു.എൻ അഭയാർഥി സംഘടന ആവശ്യപ്പെട്ടു.
2,000 ഓളം സൈനികരെ അണിനിരത്തിയാണ് തിങ്കളാഴ്ച പുലർച്ചെ ഇസ്രായേൽ ക്യാമ്പ് വളഞ്ഞത്. മുകളിൽ ഡ്രോണുകളും താഴെ ബുൾഡോസറുകളും ഭീകരത വിതച്ചതിനൊപ്പം ആയുധങ്ങളുമായി ഒളിപ്പോർ സംഘങ്ങളും ക്യാമ്പിനകത്ത് നിലയുറപ്പിച്ചു. റോഡുകളും വീടുകളും തകർത്ത് അഭയാർഥികൾക്ക് മുന്നിൽ എല്ലാ മാർഗങ്ങളും അടച്ചായിരുന്നു ഇസ്രായേൽ ക്രൂരത. സംഭവത്തിൽ, ജോർഡൻ, ഈജിപ്ത്, യു.എ.ഇ ഉൾപ്പെടെ രാജ്യങ്ങൾ ആക്രമണത്തെ അപലപിച്ചു. ജനം തിങ്ങിത്താമസിക്കുന്ന ഭാഗങ്ങളിലെ ആക്രമണം അത്യപകടകരമാണെന്ന് യു.എൻ കുറ്റപ്പെടുത്തി. എന്നാൽ, ഇസ്രായേലികളുടെ ചെറുത്തുനിൽപ് അവകാശത്തെ മാനിക്കുന്നതായി വൈറ്റ് ഹൗസും യു.കെ പ്രധാനമന്ത്രി ഋഷി സുനകും പറഞ്ഞു.
–
ആക്രമണത്തിനു പിന്നാലെ ഇസ്രായേലുമായി നിലനിൽക്കുന്ന എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുമെന്ന് ഫലസ്തീൻ ഭരണകൂടം അറിയിച്ചു.
1948ലെ ഇസ്രായേൽ അധിനിവേശത്തെ തുടർന്നുണ്ടായ കൂട്ടപ്പലായനത്തിൽ വീടു നഷ്ടമായവർക്കായി 1950ൽ നിലവിൽ വന്നതാണ് ജെനിൻ ക്യാമ്പ്. യു.എൻ കണക്കുകൾ പ്രകാരം 14,000 ഓളം പേരാണ് ഇവിടെ കഴിഞ്ഞുവരുന്നത്. പുതുതായി പിറവിയെടുത്ത ജെനിൻ ബ്രിഗേഡ്സ് എന്ന സായുധ ഗ്രൂപ്പിനെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് ഇസ്രായേൽ വിശദീകരണം. ഇതോടെ, ഈ വർഷം ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 133 ആയി. 24 ഇസ്രായേലികളും കൊല്ലപ്പെട്ടിട്ടുണ്ട്.
അതിനിടെ, തെൽ അവീവിൽ ഫലസ്തീനിയെന്ന് സംശയിക്കുന്നയാൾ ഓടിച്ച കാർ ഇടിച്ച് ഏഴുപേർക്ക് പരിക്കേറ്റു. ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൂന്നു പേരുടെ നില ഗുരുതരമാണ്.