തെൽഅവീവ്: റഫയിൽ സൈനിക നടപടി നിർത്തി വെക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി(ഐ.സി.ജെ) ഉത്തരവിട്ടതിന് തൊട്ടുപിന്നാലെ ഫലസ്തീൻ അഭയാർഥി ക്യാമ്പിൽ ഇസ്രായേലിന്റെ വ്യോമാക്രമണം. റഫയിലെ ഷബൂറ അഭയാർഥി ക്യാമ്പിലാണ് ഇസ്രായേൽ തുടർച്ചയായി വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിന്റെ തീവ്രത കാരണം ആശുപത്രിയിലെ രക്ഷാപ്രവർത്തകർക്ക് അഭയാർഥി ക്യാമ്പിലേക്ക് എത്താൻ സാധിച്ചില്ലെന്ന് സന്നദ്ധ പ്രവർത്തകരെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്തു.
റഫയിൽ ആക്രമണം അവസാനിപ്പിക്കണമെന്ന് വെള്ളിയാഴ്ചയാണ് ഐ.സി.ജെ ഇസ്രായേലിന് നിർദേശം നൽകിയത്. സഹായമെത്തിക്കാൻ റഫ അതിർത്തി തുറക്കാനും കോടതി നിർദേശിച്ചിരുന്നു. എന്നാൽ മിനിറ്റുകൾക്കകമായിരുന്നു ഇസ്രായേലിന്റെ കൂട്ടയാക്രമണം. ഇസ്രായേലിന്റെ ആക്രമണങ്ങളുടെ വിവരങ്ങളും കോടതിക്ക് കൈമാറിയിരുന്നു.
കോടതി വിധി ഹമാസ് സ്വാഗതം ചെയ്തു. എന്നാൽ, ഐ.സി.ജെയുടെ വിധിക്ക് തങ്ങളെ തടയാനാകില്ലെന്നും യുദ്ധം തുടരുമെന്നും ഇസ്രായേൽ വ്യക്തമാക്കിയിരുന്നു.