ബംഗളൂരു: ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥിന് അർബുദം സ്ഥിരീകരിച്ചു. ഇന്ത്യയുടെ സൂര്യപര്യവേക്ഷണ ദൗത്യമായ ആദിത്യ എൽ-1 വിക്ഷേപണം നടത്തിയ അതേ ദിവസമാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. സ്കാനിങ്ങിലൂടെ വയറ്റിൽ അർബുദം കണ്ടെത്തിയതായി സോമനാഥ് തന്നെയാണ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വേളയിൽ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. എന്നാൽ അത് എന്താണെന്ന് മനസിലായില്ല. സ്കാനിങ്ങിൽ ഒരു വയറ്റിൽ മുഴ കണ്ടെത്തി. രോഗവിവരം അറിഞ്ഞപ്പോൾ തനിക്കും കുടുംബത്തിനും സഹപ്രവർത്തകർക്കും ഞെട്ടലായിരുന്നുവെന്നും സോമനാഥ് പറഞ്ഞു.
തുടർപരിശോധനകൾക്കായി ചെന്നൈയിലേക്ക് പോയി. നാലു ദിവസം ചികിത്സയിലായിരുന്നു. കീമോ തെറപ്പിയും ശസ്ത്രക്രിയയും നടത്തി. പരിശോധനകൾ തുടർന്നുവരികയാണെന്നും പൂർണ രോഗവിമുക്തിയായോ എന്ന് അറിയില്ലെന്നും തർമക് മീഡിയ ഹൗസിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ആശുപത്രി വിട്ടയുടൻ തന്നെ സോമനാഥ് ഐ.എസ്.ആർ.ഒയിലെത്തിയിരുന്നു. 2023 സെപ്റ്റംബർ രണ്ടിനായിരുന്നു ഇന്ത്യയുടെ സോളാർ ദൗത്യം.