ദില്ലി : ഐഎസ് ആർ ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസിന് തിരിച്ചടി. സിബി മാത്യൂസ് അടക്കമുള്ള ഗൂഢാലോചനാ കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സിബിഐ നൽകിയ അപ്പീൽ പരിഗണിച്ചാണ് കോടതി നടപടി. പ്രതികളുടെ അപേക്ഷ വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിക്ക് നിർദ്ദേശം നൽകിയ സുപ്രീം കോടതി, നാല് ആഴ്ചയ്ക്ക് അകം ഹർജിയിൽ തീർപ്പാക്കാനും നിർദ്ദേശം നൽകി. ഈ സമയത്ത് അറസ്റ്റ് പാടില്ലെന്നും സുപ്രീം കോടതി നിർദ്ദേശമുണ്ട്.
ഐബി മുൻ ഡെപ്യൂട്ടി ഡയറക്ടർ ആർ ബി ശ്രീകുമാർ, മുൻ ഡിജിപി സിബി മാത്യൂസ്, എസ് വിജയൻ, തമ്പി എസ് ദുർഗ്ഗ ദത്ത്, പി.എസ്. ജയപ്രകാശ് എന്നിവരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. ചില വസ്തുതകൾ കണക്കിലെടുക്കുന്നതിൽ ഹൈക്കോടതിക്ക് വീഴ്ച പറ്റിയെന്ന് ജസ്റ്റിസ് എം.ആർ ഷാ അദ്ധ്യക്ഷനായ ബെഞ്ച് വാദത്തിനിടെ നേരത്തെ നിരീക്ഷിച്ചിരുന്നു.
സിബിഐയ്ക്ക് വേണ്ടി അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു ഹാജരായി. ആർ.ബി.ശ്രീകുമാറിന് വേണ്ടി കപിൽ സിബലും സിബി മാത്യുസിന് വേണ്ടി ജോജി സ്കറിയയും പി.എസ്. ജയപ്രകാശിന് വേണ്ടി കാളീശ്വരം രാജ് എന്നിവരും ഹാജരായി.