കൊൽക്കത്ത: ഇൻഡ്യ സഖ്യം ഇന്ന് സർക്കാറുണ്ടാക്കാൻ അവകാശവാദമുന്നയിക്കില്ലെങ്കിലും നാളെ അങ്ങനെ സംഭവിക്കില്ല എന്ന് പറയാനാകില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. പാർട്ടി ക്ഷമയോടെ കാത്തിരുന്ന് കാര്യങ്ങൾ വീക്ഷിക്കും. എൻ.ഡി.എ സർക്കാർ അസ്ഥിരമാകുന്നത് സന്തോഷമുള്ള കാര്യമാണ്. രാജ്യത്ത് മാറ്റമുണ്ടാകണം. രാജ്യം അത് ആഗ്രഹിക്കുന്നു.
ഇത് മാറ്റത്തിനായുള്ള വിധിയെഴുത്താണ്. മോദിക്കെതിരായ ജനവിധിയാണ്. അതിനാൽ മോദി പ്രധാനമന്ത്രിയാകരുത്. മറ്റാരെയെങ്കിലും സ്ഥാനമേറ്റെടുക്കാൻ അനുവദിക്കണമായിരുന്നുവെന്നും പുതിയ തൃണമൂൽ എം.പിമാരുടെ യോഗശേഷം മമത വാർത്ത ലേഖകരോട് പറഞ്ഞു.
പുതിയ സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ തൃണമൂൽ സംബന്ധിക്കില്ലെന്നും മമത വ്യക്തമാക്കി. ജനാധിപത്യ-നിയമ വിരുദ്ധമായാണ് ബി.ജെ.പി സർക്കാറുണ്ടാക്കുന്നത്. തൃണമൂലിന്റെ ഇരുസഭകളിലെയും എം.പിമാർ പൗരത്വഭേദഗതി നിയമം റദ്ദാക്കാൻ ആവശ്യപ്പെടുമെന്നും മമത അറിയിച്ചു.