ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിയുടെ സുരക്ഷ വർധിപ്പിക്കാൻ ഡൽഹി പൊലീസ് തീരുമനം. കോൺഗ്രസ് നേതൃത്വവുമായി നടത്തിയ ചർച്ചക്ക് പിന്നാലെയാണ് തീരുമാനമെടുത്തത്. ഭാരത് ജോഡോ യാത്ര ഡൽഹിയിൽ എത്തിയപ്പോൾ സുരക്ഷാ വീഴ്ചയുണ്ടായെന്ന കോൺഗ്രസിന്‍റെ ആരോപണങ്ങളാണ് സുരക്ഷ വർധിപ്പിക്കാൻ കാരണം.
ജനുവരി മൂന്നിനാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വീണ്ടും ഡൽഹിയിൽ പര്യടനം ആരംഭിക്കുന്നത്. യാത്രക്ക് മുന്നോടിയായി സുരക്ഷ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും നേതാക്കളുമായി ചർച്ച നടത്തി. കോൺഗ്രസ് ഓഫീസിൽ ഒന്നര മണിക്കൂർ നീണ്ട ചർച്ചയിൽ ഡൽഹി പി.സി.സി അധ്യക്ഷൻ അനിൽ ചൗധരിയും പങ്കെടുത്തിരുന്നു. യാത്രക്കിടെ രാഹുലിനടുത്തേക്ക് അനധികൃതമായി ആരും എത്താതിരിക്കാൻ സുരക്ഷ വർധിപ്പിക്കുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
അതേസമയം, യാത്രക്കിടെ രാഹുൽ ഗാന്ധി സുരക്ഷഭേദിച്ചെന്ന കേന്ദ്രത്തിന്‍റെ ആരോപണങ്ങൾക്ക് മറുപടിയായി ബുള്ളറ്റ് പ്രൂഫ് കാറിൽ യാത്ര നടത്താൻ സാധ്യമല്ലെന്ന് അദ്ദേഹം മറുപടി നൽകി. യാത്രയിൽ രാഹുലിന് സുരക്ഷ ഒരുക്കുന്നതിൽ ഡൽഹി പൊലീസ് പരാജയപ്പെട്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിക്കയച്ച കത്തിൽ കെ.സി വേണുഗോപാൽ ആരോപിച്ചിരുന്നു. രാഹുൽ നിർദേശങ്ങൾ ലംഘിക്കുന്നതാണ് സുരക്ഷ വീഴ്ച ഉണ്ടാകാൻ കാരണമെന്നാണ് സി.ആർ.പി.എഫിന്‍റെ വിശദീകരണം.