പാലക്കാട് : അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ട് അഞ്ച് വർഷം. നാല് വർഷത്തിന് ശേഷം വിചാരണ തുടങ്ങിയ കേസിൽ ഇന്നലെ അന്തിമ വാദം തുടങ്ങി. മധുവിന്റെ അമ്മയ്ക്കും കുടുംബത്തിനും കഴിഞ്ഞ 5 കൊല്ലം നിയമ പോരാട്ടകളുടേത് കൂടിയാണ്. സാക്ഷി പട്ടികയിലുള്ള അടുത്ത ബന്ധുക്കൾ പോലും കൂറുമാറിയപ്പോൾ, മധുവിന് നീതി കിട്ടില്ലെന്ന് ഭയന്നതായി അമ്മ മല്ലി പറഞ്ഞു.കേസ് നടത്തിപ്പിൽ ഇപ്പോൾ ഏറെ പ്രതീക്ഷയുണ്ടെന്നും മല്ലി പറഞ്ഞു
ചിണ്ടക്കി ആദിവാസി ഊരിലെ കുറുമ്പ സമുദായക്കാരനായിരുന്നു മധു. തീർത്തും ദരിദ്രൻ. ഒട്ടും ഭദ്രമല്ലാത്ത മാനസികനിലയുമായി വീട്ടിൽ നിന്ന് അകന്ന് കാട്ടിലെ ഗുഹയിൽ കഴിഞ്ഞിരുന്ന 27 കാരൻ. അടിമുടി നിസഹായനായ ഒരു മനുഷ്യനു മേൽ സമൂഹത്തിൽ സ്വാധീനവും സമ്പത്തും ഉള്ള 16 പേർ മെയ് കരുത്ത് കാണിച്ചതിൻ്റെ വാർഷികമാണിന്ന്. ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ ആഹ്ളാദത്തോടെയുംഅ അഭിമാനത്തോടെയുo അവർ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചപ്പോൾ മുക്കാലി എന്ന ഒരു പ്രദേശം മുഴുവൻ നിസംഗമായി നോക്കി നിന്ന ദിനം.
മധു മുക്കാലിയിലെ കടകളിൽ മോഷണം നടത്തിയെന്ന് ആരോപിച്ചാണ് ഒരു സംഘം പിടികൂടിയത്. പ്രതികൾ മധുവിൻ്റെ ഉടുമുണ്ട് ഊരി, കൈകൾ ചേർത്തുകെട്ടി ചിണ്ടക്കിയൂരിൽ നിന്നു മുക്കാലിയിലേക്ക് കള്ളനെന്ന് വിളിച്ചാവർത്തിച്ചാണ് നടത്തിച്ചത്. കള്ളനെന്ന ആർപ്പുവിളികൾക്കിടെ ജീവൻ്റെ തുടിപ്പറ്റുപോയ മകൻ്റെ നോവ് പേറി യാണ് അമ്മ മല്ലി നിയമോപാരാട്ടത്തിന് ഇറങ്ങിയത്.വിചാരണ പോലും തുടങ്ങാതെ നിന്ന നാലാണ്ട്. വാദിക്കാൻ അഭിഭാഷകർ ഇല്ലാതെ പോയ വർഷങ്ങൾ. ഇതിനിടയിൽ കണ്മുന്നിൽ കൊലയാളികളുടെ സ്വൈര്യ വിഹാരം. പരിഹാസം. കേസ് അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ കുറ്റവാളികൾക്ക് ശിക്ഷകിട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബം.