പാലക്കാട്: എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത് പ്രതികാര നടപടിയുടെ ഭാഗമെന്ന് ആരോപണം. മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖരെ പ്രതിരോധത്തിലാക്കിയ സ്വപ്ന സുരേഷിന് ജോലി കൊടുത്തതിന്‍റെ പകവീട്ടലിന്‍റെ ഭാഗമായിട്ടാണ് സെക്രട്ടറി അജി കൃഷ്ണനെ പൊലീസ് കള്ള കേസ്സിൽ കുടുക്കി അറസ്റ്റ് ചെയ്ത് എന്നാണ് എച്ച്ആര്‍ഡിഎസിന്‍റെ വിമര്‍ശനം. ആദിവാസികളെ കയ്യേറ്റം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയില്‍ ഇന്നലെയാണ് പാലക്കാട് ഷോളയാർ പൊലീസ് അജി കൃഷ്ണനെ അറസ്റ്റ് ചെയ്തത്. രാവിലെ 11 മണിയ്ക്ക് അജി കൃഷ്ണനെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും.
സർക്കാരിനെതിരെ ശബ്ദിക്കുനവരെ നിശബ്ദരാക്കാനുള്ള പ്രതികാര നടപടികൾ തുടരുന്നതിന്‍റെ ഒടുവിലത്തെ ഇരയാണ് അജി കൃഷ്ണനെന്ന് എച്ച്ആര്‍ഡിഎസ് പ്രസ്താവനയില്‍ പറയുന്നു. ഇന്നലെ രാത്രി അട്ടപ്പാടിയിൽ വച്ച് അജി കൃഷ്ണനെ അറസ്റ്റ് ചെയ്തത് ഉന്നത ഗൂഢാലോചനയുടെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള കർശന നിർദ്ദേശത്തിന്റെ ഭാഗമായാണ് അറസ്റ്റെന്നും എച്ച്ആര്‍ഡിഎസ് ആരോപിക്കുന്നു. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ആദിവാസികളുടെയും സ്ത്രീകളുടെയും കർഷകരുടെയും ക്ഷേമത്തിനായി ഇന്ത്യ ഒട്ടാകെ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയാണ് എച്ച്ആര്‍ഡിഎസ്. ആദിവാസി ഭൂമി കൈയ്യേറിയെന്ന ഷോളയൂർ സ്വദേശിയുടെ കള്ള പരാതിയിൽ കേസ്സെടുത്ത് വിവിധ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അജി കൃഷ്ണനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു വർഷം മുമ്പ് നടന്ന അടിസ്ഥാനരഹിതമായ കേസ് പൊടിതട്ടിയെടുത്ത് ഇന്നലെ രാത്രി തിടുക്കപെട്ട് എഫ്ഐആര്‍ ഇടുകയായിരുന്നുവെന്നും എച്ച്ആര്‍ഡിഎസ് ആരോപിക്കുന്നു.
സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജോലി നൽകിയതിനെ തുടര്‍ന്ന്, സന്നദ്ധ സംഘനയായ എച്ച്ആർഡിഎസ്സിന്‍റെ രാഷട്രീയമടക്കം ഏറെ ചര്‍ച്ചയായിരുന്നു. ഹൈറേഞ്ച് റൂറൽ ഡവലപ്മെന്‍റ് സൊസൈറ്റി എന്ന എച്ച്ആർഡിഎസ്സ് കേരളം, തമിഴ്നാട്, ഗുജറാത്ത്, ത്രിപുര, അസം, ഝാർഖണ്ഡ് ഉൾപ്പടെയുള്ള ആദിവാസി മേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ്. 1995-ൽ രൂപീകൃതമായതാണ് സംഘടന. സംഘടന ആദിവാസികളുടെ പട്ടയഭൂമി കയ്യേറിയത് അന്വേഷിക്കാന്‍ എസ്‍സി എസ്‍ടി കമ്മീഷന്‍ നേരത്തെ ഉത്തരവിട്ടിരുന്നു.