കരുമാല്ലൂർ: പഞ്ചായത്ത് ഒന്നാം വാർഡിൽ മാട്ടുപുറത്തും പരിസരവാർഡുകളിലും ലഹരി മാഫിയ പിടിമുറുക്കിയതായി ആക്ഷേപം. പുറമെ നിന്നും എത്തുന്ന 16നും 25നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് ലഹരി മരുന്നുകൾ കൈമാറുന്നത്.
രാത്രി എട്ട് കഴിഞ്ഞാൽ ഇരുചക്രവാഹനങ്ങളിലും കാറുകളിലും എത്തുന്ന യുവാക്കൾ വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യും. ഇതുകാരണം അതുവഴി മറ്റാർക്കും യാത്ര ചെയ്യാൻപോലും പറ്റാത്ത രീതിയാണ്. ഇതിനെതിരെ ചേർന്ന ജാഗ്രത സമിതി രൂപവത്കരണ യോഗത്തിലാണ് പലരും ഈ വിഷയത്തിൽ ആക്ഷേപം ഉന്നയിച്ചത്. കഴിഞ്ഞ ഗ്രാമസഭ യോഗത്തിൽ നിരവധി പേർ ഒപ്പിട്ട ഭീമഹരജി ലഭിച്ചിരുന്നു. പഞ്ചായത്തിൽനിന്നും ഉന്നത ഉദ്യേഗസ്ഥർ അടക്കമുള്ള അധികാരികൾക്ക് പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരം പരാതി കൈമാറിയിരുന്നു. എന്നാൽ, ഒരു പ്രതികരണവും ഉണ്ടായില്ല. ജാഗ്രത സമിതി ആലോചന യോഗം ലഹരി മാഫിയക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടി തീരുമാനിച്ചു. ഒന്നാം വാർഡ്ഇ- ഗ്രാമസഭയും ചേർന്നു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷാജി അധ്യക്ഷത വഹിച്ചു. യോഗം വാർഡ് മെംബർ എ.എം. അലി ഉദ്ഘാടനം ചെയ്തു. വി.എ. മൊയ്തീൻ നൈന മുഖ്യപ്രഭാഷണം നടത്തി. എ.എ. നസീർ, കെ.എം. രാജൻ, ബിന്ദു ഗോപി, സാന്റല ശിവൻ, സജിത നേബി, വാസന്തി ബാബു, നൈന ഷാജി, സംഗീത ഷിബു , ലൗലി ടോമി, സെലീന ജബ്ബാർ, സുജിത പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.