കായികരംഗത്തെ നേട്ടങ്ങള്‍ ആഘോഷിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് മുന്‍ കായികതാരം അഞ്ജു ബോബി ജോര്‍ജ്. ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ആഘോഷ പരിപാടിയിൽ സംസാരിക്കവെയാണ് അഞ്ജു മോദിയുടെ നേതൃത്വത്തെ പ്രശംസിച്ചത്. മോദിയുടെ നേതൃത്വം കാരണമാണ് രാജ്യത്ത് ഇപ്പോൾ ഇത്രയും അത്‌ലെറ്റുകളുണ്ടായത്. ഇപ്പോഴത്തെ താരങ്ങളെ കാണുമ്പോൾ അസൂയയാണ്. താനൊരു തെറ്റായ കാലത്താണു കളിച്ചതെന്നും അഞ്ജു ബോബി ജോർജ് പറഞ്ഞു.
ഇപ്പോഴത്തെ കായികതാരങ്ങളെ ആലോചിച്ച് അസൂയയാണ്. ഞാൻ കളിച്ചതൊരു തെറ്റായ കാലത്തായിരുന്നു. 25 വർഷത്തോളം ഞാൻ കായികരംഗത്തുണ്ടായിരുന്നു. അന്നും ഇന്നും നോക്കുമ്പോൾ ഒരുപാട് മാറ്റങ്ങൾ കാണാനാകുന്നുണ്ട്.
20 വർഷം മുൻപ് ഞാൻ ഇന്ത്യയ്ക്ക് ആദ്യ അന്താരാഷ്ട്ര മെഡൽ സമ്മാനിക്കുമ്പോൾ എന്റെ വകുപ്പ് പോലും എനിക്ക് സ്ഥാനക്കയറ്റം തരാൻ ഒരുക്കമായിരുന്നില്ല. എന്നാൽ, നീരജ് ചോപ്ര സ്വർണം നേടിയപ്പോൾ അതിലൊക്കെ മാറ്റങ്ങൾ കാണുന്നു.
സ്ത്രീശാക്തീകരണം ഇപ്പോൾ വെറും വാക്കോ വർത്തമാനമോ അല്ല. മുഴുവൻ ഇന്ത്യൻ പെൺകുട്ടികളും സ്വപ്‌നം കാണുകയാണിപ്പോൾ. അതൊരിക്കൽ യാഥാർത്ഥ്യമാകുമെന്ന് അവർക്ക് അറിയാം.
2036ലെ ഒളിമ്പിക്സിന് ആതിഥ്യംവഹിക്കാൻ രാജ്യം ഒരുക്കമാണെന്നു താങ്കൾ പ്രഖ്യാപിച്ചത് ഒരു സ്വപ്‌നസാഫല്യം പോലെയാണ്. അതിനു വേണ്ടിയുള്ള ഒരുക്കങ്ങൾ നമ്മൾ ആരംഭിച്ചുകഴിഞ്ഞുവെന്നും അഞ്ജു ബോബി ജോർജ് കൂട്ടിച്ചേർത്തു.