ദില്ലി: അമേഠി, റായ്ബറേലി സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷമെന്ന സൂചനയുമായി എഐസിസി വൃത്തങ്ങൾ. സ്ഥാനാർത്ഥികൾക്ക് പ്രചാരണത്തിന് മതിയായ സമയം കിട്ടുമെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. രണ്ട് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത് അഞ്ചാം ഘട്ടത്തിലാണ്. രാഹുലിനെ അമേഠിയിലോ റായ്ബറേലിയിലോ മത്സരിപ്പിക്കാൻ ആലോചനയുണ്ട്. അങ്ങനെയെങ്കിൽ രാഹുലിന്‍റെ രണ്ടാം മണ്ഡലത്തിലെ മത്സരം ചർച്ചയാകാതിരിക്കാനുള്ള നീക്കമാണ് ഇതെന്ന് സൂചന. അതേസമയം റോബർട്ട് വദ്ര അമേഠിയിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഉത്തർപ്രദേശ് പിസിസി അറിയിച്ചു.
രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ ആരെങ്കിലും ഒരാൾ നെഹ്റു കുടുംബത്തിൽ നിന്ന് യുപിയിൽ മത്സരിക്കുമെന്ന് എകെ ആന്‍റണി ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അമേഠിയിലെയും റായ്ബറേലിയിലെയും കോൺഗ്രസ് തീരുമാനത്തിനായി കാത്തിരിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രക്ക് ശേഷം ഇപ്പോൾ രാജ്യത്തുള്ളത് പുതിയ രാഹുലാണ്. എല്ലാ പ്രതിപക്ഷ കക്ഷികൾക്കും സ്വീകാര്യനായ വ്യക്തിയാണ് അദ്ദേഹം. റോബർട്ട് വദ്ര ആയിരിക്കില്ല യുപിയിൽ മത്സരിക്കുക. അത് രാഹുലോ പ്രിയങ്കയോ തന്നെയായിരിക്കും. രാഹുൽ കേരളത്തിന്റെ മകനാണെന്നും ആന്റണി പറഞ്ഞു.