അലഹബാദ്: ഇന്ത്യയിലെ വിവാഹമെന്ന സ്ഥാപനത്തെ തകർക്കാൻ ശ്രമമെന്ന് അലഹബാദ് ഹൈക്കോടതി. എല്ലാ സീസണിലും പങ്കാളിയെ മാറ്റുക എന്നത് സുസ്ഥിരവും ആരോഗ്യകരവുമായ സമൂഹത്തിന്റെ മുഖമുദ്രയായി കണക്കാക്കാനാവില്ലെന്ന് ജസ്റ്റിസ് സിദ്ധാര്‍ത്ഥ് നിരീക്ഷിച്ചു. ലിവ് ഇന്‍ പങ്കാളിയെ ബലാത്സംഗം ചെയ്തെന്ന കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് ജഡ്ജി ഈ പരാമര്‍ശം നടത്തിയത്.
വിവാഹം ഒരു വ്യക്തിക്ക് നൽകുന്ന സുരക്ഷയും സ്ഥിരതയും ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ പ്രതീക്ഷിക്കാനാവില്ലെന്ന് ജസ്റ്റിസ് സിദ്ധാര്‍ത്ഥ് പറഞ്ഞു- “വിവാഹ ബന്ധത്തിലെ പങ്കാളിയോട് വിശ്വസ്തത കാണിക്കാത്തതും സ്വതന്ത്രമായ ലിവ് ഇൻ റിലേഷൻഷിപ്പുകളും പുരോഗമന സമൂഹത്തിന്റെ അടയാളങ്ങളായി കാണിക്കുന്നു. ദീർഘകാല പ്രത്യാഘാതങ്ങള്‍ തിരിച്ചറിയാതെ യുവാക്കൾ ഇത്തരം ചിന്തകളിലേക്ക് ആകർഷിക്കപ്പെടുന്നു.”
ഊഷ്മളമായ കുടുംബബന്ധങ്ങൾ ഇല്ലാത്ത ഒരാൾക്ക് രാജ്യത്തിന്റെ പുരോഗതിക്ക് സംഭാവന നൽകാൻ കഴിയില്ലെന്നും ജസ്റ്റിസ് സിദ്ധാര്‍ത്ഥ് പറഞ്ഞു. ലിവ് ഇൻ ബന്ധങ്ങളിൽ ജനിക്കുന്ന കുട്ടികൾ നിരവധി പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. മാതാപിതാക്കൾ വേർപിരിയുന്നതോടെ ആ കുട്ടികള്‍ സമൂഹത്തിന് ഭാരമായിത്തീരുന്നു. അവർ തെറ്റായ കൂട്ടുകെട്ടിൽ വീഴുകയും നല്ല പൗരന്മാരെ രാജ്യത്തിന് നഷ്ടമാവുകയും ചെയ്യുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു.
ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ വളരെ ആകര്‍ഷണീയമാണെന്ന് യുവാക്കള്‍ക്ക് തോന്നും. എന്നാല്‍ കാലക്രമേണ സാമൂഹ്യ അനുമതിയില്ലാത്തതിനാല്‍ ആ ബന്ധം ജീവിതകാലം മുഴുവൻ തുടരാനാവില്ലെന്ന് അവര്‍ തിരിച്ചറിയുമെന്നും ജസ്റ്റിസ് സിദ്ധാര്‍ത്ഥ് അഭിപ്രായപ്പെട്ടു.
ഉത്തർപ്രദേശിലെ സഹറൻപൂരിൽ 19കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിലായ യുവാവിന് ജാമ്യം നല്‍കിയാണ് ജസ്റ്റിസ് സിദ്ധാര്‍ത്ഥ് ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളെ വിമര്‍ശിച്ചത്. യുവാവും യുവതിയും ഒരു വര്‍ഷത്തോളം ഒരുമിച്ചുജീവിക്കുകയായിരുന്നു. അതിനിടെ യുവതി ഗർഭിണിയായി. എന്നാല്‍ വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തില്‍ നിന്ന് യുവാവ് പിന്മാറി. ഇതോടെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് യുവതി പരാതി നല്‍കി. ഏപ്രില്‍ മാസത്തിലാണ് യുവാവ് അറസ്റ്റിലായത്.