ലക്നൗ: 28 വയസുകാരിയായ യുവതി വാഹനമിടിച്ച് മരിച്ച സംഭവം വർഷങ്ങളുടെ ആസൂത്രണമെടുത്ത് നടത്തിയ കൊലപാതകമായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. മരണം സംഭവിച്ച് 17 മാസങ്ങൾക്ക് ശേഷമാണ് നിർണായകമായ കണ്ടെത്തലിലേക്ക് പൊലീസ് എത്തിയത്. അതിലേക്ക് നയിച്ചതാവട്ടെ ഇൻഷുറൻസ് കമ്പനി ജീവനക്കാർക്ക് തോന്നിയ സംശയവും. ഒടുവിൽ മൂന്ന് പേരെ പൊലീസ് പിടികൂടി. എന്നാൽ യുവതിയുടെ ഭർത്താവും ഭർത്താവിന്റെ അച്ഛനും ഇപ്പോളും ഒളിവിലാണ്.
ഉത്തർപ്രദേശിലെ കാഞ്ചൻപൂർ സ്വദേശിയായ അഭിഷേക് ശുക്ല (32) എന്ന യുവാവ് 2022 ഏപ്രിൽ മാസത്തിലാണ് പൂജ യാദവിനെ (28) വിവാഹം ചെയ്തത്. അഭിഷേകിന്റെ രണ്ടാം വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം 2023 മേയ് 20ന് ഭർത്താവിന്റെ അച്ഛൻ പൂജയെ മരുന്ന് വാങ്ങാനെന്ന പേരിൽ പുറത്തേക്ക് കൊണ്ടുപോയി. റോഡിൽ വെച്ച് പൂജയെ ഒരു കാർ ഇടിക്കുകയും മരണം സംഭവിക്കുകയും ചെയ്തു. വാഹനാപകടമെന്നായിരുന്നു സംഭവം ആദ്യം വിലയിരുത്തപ്പെട്ടത്.
എന്നാൽ 2023 നവംബറിൽ ഭാര്യയുടെ പേരിലുള്ള ലൈഫ് ഇൻഷുറൻസ് പോളിസി എൻക്യാഷ് ചെയ്യാനായി അഭിഷേക് ഇൻഷുറൻസ് കമ്പനിയെ സമീപിച്ചു. 50 ലക്ഷം രൂപയുടെ ഇൻഷുറൻസാണ് പൂജയുടെ പേരിലുണ്ടായിരുന്നത്. സാധാരണ തൊഴിലാളികളും വലിയ സാമ്പത്തിക ശേഷിയില്ലാത്തവരുമായ കുടുംബം 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസി എടുത്തതും, കൃത്യം ഒരു വർഷം കഴിഞ്ഞ് യുവതി അപകടത്തിൽ മരിച്ചതും ഇൻഷുറൻസ് കമ്പനിയുടെ സംശയത്തിന് ഇടയാക്കി. അവർ ഇക്കാര്യത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കമ്പനി ഉദ്യോഗസ്ഥർ പൊലീസിനെ സമീപിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ മറ്റ് ചില കാര്യങ്ങൾ കൂടി വെളിപ്പെട്ടു. 50 ലക്ഷം രൂപയുടെ ഇൻഷുറൻസിന് പുറമെ പൂജയുടെ പേരിൽ ആറ് വാഹനങ്ങളുമുണ്ട്. നാല് കാറുകളും രണ്ട് ബൈക്കുകളും. എല്ലാം ലോണെടുത്ത് വാങ്ങിയത്. ഇതിന് പുറമെ പത്ത് ലക്ഷം രൂപയുടെ മുദ്ര ലോണുമുണ്ട്. വിശദമായി പരിശോധിച്ചപ്പോൾ അഭിഷേകിന്റെ വിവാഹം തന്നെ തട്ടിപ്പായിരുന്നു എന്നും ഭാര്യയെ കൊലപ്പെടുത്തി ഭീമമായ ഇൻഷുറൻസ് തുകയും വാഹനങ്ങളും ലോണെടുത്ത തുകയുമെല്ലാം കൈക്കലാക്കാനുള്ള പദ്ധതികളാണെന്നും മനസിലായി. നീണ്ട കാലത്തെ ആസൂത്രണത്തിന് ശേഷമായിരുന്നത്രെ വിവാഹവും തുടർന്നുണ്ടായ സംഭവങ്ങളും ഒടുവിലെ അപകടവും സംഭവിച്ചത്.
പൂജ മരിക്കാൻ ഇടയായ അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവർ ദീപക് വർമ, കേസിലെ പ്രതിയായ കുൽദീപ് സിങ്, അഭിഭാഷകൻ അലോക് നിഗം എന്നിവരാണ് രണ്ട് ദിവസം മുമ്പ് അറസ്റ്റിലായത്. പൂജയുടെ ഭർത്താവ് അഭിഷേകും അയാളുടെ പിതാവ് റാം മിലനും ഒളിവിലാണ്. ഇവർക്കായി അന്വേഷണം തുടരുകയാണ്. പൂജയുടെ ഭർത്താവിന്റെ ഫോൺ കോളുകൾ പരിശോധിച്ചതാണ് മറ്റ് പ്രതികളിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചതും. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.