കാൻസർ ബാധിതനായാണ് സി.പി.എമ്മിന്റെ സമുന്നതനായ നേതാവ് കോടിയേരി ബാലകൃഷ്ണൻ വിടവാങ്ങിയത്. രോഗത്തിന്റെ അവശതകൾക്കിടയിലും അദ്ദേഹം കരുത്തോടെ പാർട്ടിയെ നയിച്ചു. രാഷ്ട്രീയ ശത്രുക്കളോട് പോലും സൗമ്യമായി ഇടപെടുന്ന കോടിയേരിയുടെ ശൈലി ഏവരിലും ആദരവ് സൃഷ്ടിക്കുന്നതായിരുന്നു. കാൻസർ ബാധിതനാണെന്ന കാര്യം അദ്ദേഹം മറച്ചുവെച്ചില്ല.
ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ കോടിയേരിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു, കാൻസറാണ്, കരഞ്ഞിട്ടെന്ത് കാര്യം, നേരിടുക തന്നെ. കേരളത്തിൽ നടക്കുന്ന സംഭവങ്ങൾ രോഗത്തിനിടയിലും ശ്രദ്ധിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി പൂർണമായും ചികിത്സക്ക് കൂടെനിന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. രോഗ ലക്ഷണം കണ്ടെത്തിയത് അവിചാരിതമായിരുന്നു.
ഡയബറ്റിക്സ് രോഗി എന്ന നിലയിൽ സ്ഥിരം ചെക്കപ്പ് ഉണ്ടായിരുന്നു. അതിനിടയിലാണ് കാൻസർ കണ്ടെത്തിയത്. ഇത് മനസിലാക്കിയപ്പോൾ ഡോക്ടർമാർ അതിന്റെ ഗൗരവം എനിക്ക് പറഞ്ഞുതന്നു. വിദഗ്ധ ചികിത്സ വേണമെന്ന് പാർട്ടി തീരുമാനിച്ചു. രോഗം വന്നപ്പോൾ ഉലഞ്ഞില്ല. സ്വാഭാവികമായും രോഗത്തെ നേരിടുക എന്നതായിരുന്നു ലക്ഷ്യം. ഇന്നസെന്റും ഭാര്യയും കാണാൻ വന്നു. നേരിടാം എന്നുള്ള ആത്മവിശ്വാസം വന്നു. ചികിത്സക്കിടെ ചില വിഷമങ്ങൾ ഉണ്ടായി. എന്നാലും നേരിട്ടു. അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞിരുന്നു.
 
			

















 
                

