കൊച്ചി: ഐ എസ് എല്ലിൽ വിജയവഴിയിൽ തിരിച്ചെത്താൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. സസ്പൻഷൻ കഴിഞ്ഞ്, പരിശീലകന്‍ ഇവാൻ വുകോമനോവിച്ച് തിരികെയെത്തുന്ന മത്സരത്തിൽ ഒഡിഷ എഫ് സിയാണ് എതിരാളികൾ. രാത്രി എട്ടിന് കൊച്ചിയിലാണ് മത്സരം. പത്തു മത്സരങ്ങളിലെ വിലക്കിന് ശേഷം വീരനായകനായി ഡഗ് ഔട്ടിലേക്കെത്തുന്ന ഇവാനായി ആരാധകർ ഗാലറിയിൽ
ഒരുക്കുക മറക്കാനാവാത്ത സ്വീകരണം.കോച്ചിന്‍റെ വരവ് ജയത്തോടെ ഇരട്ടി മധുരമാക്കാനാണ് അഡ്രിയൻ ലൂണയും സംഘവും ഇറങ്ങുന്നത്. മഞ്ഞപ്പടയ്ക്ക് താരങ്ങളേക്കാൾ വിശ്വസ്തനായ ഇവാൻ തിരിച്ചെത്തുമ്പോൾ ടീമിലും തന്ത്രങ്ങളിലും മാറ്റം ഉറപ്പ്. സ്വന്തം തട്ടകത്തിലാണെങ്കിലും എ എഫ് സി കപ്പിൽ മാലദ്വീപ് ക്ലബിനെ ഗോളിൽ മുക്കിയെത്തുന്ന ഒഡിഷ എഫ് സിയെ മറികടക്കുക എളുപ്പമാവില്ല.
എങ്കിലും ഇവാൻ വുകോമനോവിച്ചിനായി ജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് നായകൻ അഡ്രിയാൻ ലൂണ പറഞ്ഞു. ബെംഗലുരുവിനെതിരായ മത്സരത്തിലെ വിവാദങ്ങള്‍ അടഞ്ഞ അധ്യായമെന്നും ലൂണ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സസ്പെൻഷനിലായ മിലോസ് ഡ്രിൻസിച്ച്, പ്രബീർ ദാസ്, പരിക്കേറ്റ ജീക്സൺ സിംഗ്, മാർകോ ലെസ്കോവിച്ച് എന്നിവരുടെ അഭാവം മറികടക്കുകയാവും പ്രധാന വെല്ലുവിളി.ഡീഗോ മൗറിസിയോയുടേയും, റോയ് കൃഷ്ണയും സ്കോറിംഗ് മികവിനൊപ്പം സെർജിയോ ലൊബേറോയുടെ തന്ത്രങ്ങൾകൂടി ചേരുമ്പോൾ ഒഡിഷ അപകടകാരികൾ. ഇരുടീമും നേർക്കുനേർ വരുന്ന ഇരുപത്തിയൊന്നാമത്തെ മത്സരമാണിത്. ബ്ലാസ്റ്റേഴ്സ് എട്ടിലും ഒഡിഷ അഞ്ചിലും ജയിച്ചു. ഏഴ് മത്സരം സമനിലയിൽ. ലീഗിൽ ബ്ലാസ്റ്റേഴ്സ് അഞ്ചും ഒഡിഷ ഏഴും സ്ഥാനത്ത്.സീസണില്‍ ആദ്യ രണ്ട് കളികളും ജയിച്ചു തുടങ്ങി കേരളാ ബ്ലാസ്റ്റേഴ്സ് ഒരു കളി തോറ്റു. ഒരു കളി സമനിലയായി. നാലു കളികളില്‍ ഏഴ് പോയന്‍റുമായി അഞ്ചാം സ്ഥാനത്താണ് കേരളാ ബ്ലാസ്റ്റേഴ്സ് ഇപ്പോള്‍. നാലു കളികളില്‍ 10 പോയന്‍റുമായി എഫ് സി ഗോവയാണ് ഒന്നാം സ്ഥാനത്ത്.