കട്ടപ്പന (ഇടുക്കി): നഷ്ടപ്പെട്ട മേറ്റ് പണി തിരിച്ചുപിടിക്കാൻ ഒരിക്കൽ തോറ്റ പത്താം ക്ലാസ് പരീക്ഷ 35 വർഷത്തിനുശേഷം ഉയർന്ന ഗ്രേഡിൽ പാസായി ജബക്കനി. സംസ്ഥാന സാക്ഷരത മിഷന്റെ കഴിഞ്ഞ ബാച്ചിലാണ് പത്താം ക്ലാസ് പരീക്ഷ എഴുതി ഉപ്പുതറ പീരുമേട് ടീ കമ്പനി, ലോൺട്രി ഡിവിഷൻ സ്വാമിദാസിന്‍റെ ഭാര്യ ജബക്കനി (55) പരീക്ഷ പാസായത്.
തമിഴ് ഭാഷക്കാരിയായ ജബക്കനി മലയാളത്തിന് എ പ്ലസും ഹിന്ദി, സോഷ്യൽ സയൻസ് എന്നിവക്ക് എ ഗ്രേഡും മറ്റെല്ലാ വിഷയത്തിനും ബി പ്ലസും നേടിയാണ് വിജയം കൊയ്തത്. പത്താം ക്ലാസ് വിജയിച്ചവർ മാത്രമേ തൊഴിലുറപ്പ് പദ്ധതി മേറ്റായി പ്രവർത്തിക്കാവൂ എന്ന് 2021 ജനുവരിയിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന വ്യവസ്ഥയാണ് ജബക്കനിയുടെ മേറ്റ് സ്ഥാനം (തൊഴിലുറപ്പ് പണിയുടെ നടത്തിപ്പുകാരി) തെറുപ്പിച്ചത്. പത്താം ക്ലാസ് പരീക്ഷ പാസാകാത്തതിനാൽ 18 വർഷമായി പ്രവർത്തിച്ചുവന്ന മേറ്റ് സ്ഥാനം ജബക്കനിക്ക് നഷ്ടപ്പെട്ടതോടെ വിഷമമായി. 1988ൽ പത്താം ക്ലാസിൽ തോറ്റപ്പോൾ വീണ്ടും എഴുതി വിജയിക്കണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു. പക്ഷേ, അന്നു വീട്ടുകാരിൽനിന്ന് സഹകരണം ലഭിച്ചില്ല. തൊട്ടുപിന്നാലെ വിവാഹം കൂടി നടന്നതോടെ ആ ആഗ്രഹം ഉപേക്ഷിച്ചു. പിന്നീട് ഭർത്താവിനൊപ്പം പീരുമേട് ടീ കമ്പനി ലോൺട്രി എസ്റ്റേറ്റിൽ താൽക്കാലിക തൊഴിലാളിയായി. 2000ത്തിൽ പീരുമേട് ടീകമ്പനി ഉടമ തോട്ടം ഉപേക്ഷിച്ചു പോയതോടെ കുടുംബം അർധപട്ടിണിയിലായി.
ഇതിനിടെ ഭർത്താവിന് ഹൃദയ സംബന്ധമായ അസുഖവും ബാധിച്ചു. 2003ൽ ഉപ്പുതറ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ ചേർന്നു. ഇതിനൊപ്പം സാമൂഹിക പ്രവർത്തനത്തിലും സജീവമായി. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 2014ലും 2019ഉം മത്സരരംഗത്തുണ്ടായിരുന്നു. ഇതിനിടെയാണ് പത്താം ക്ലാസ് വിജയിച്ചവർ മാത്രമേ മേറ്റായി പ്രവർത്തിക്കാവൂ എന്ന വ്യവസ്ഥ കൊണ്ടുവന്നത്. അവിടെ നിന്നാണ് പത്താം ക്ലാസ് വിജയിക്കണമെന്ന ആഗ്രഹം വീണ്ടും ഉണ്ടായത്.
സാക്ഷരത മിഷനിൽ രജിസ്റ്റർ ചെയ്ത് വാശിയോടെ പഠനം തുടങ്ങി. ഭർത്താവും മക്കളും കൊച്ചുമക്കളും നിറഞ്ഞ പിന്തുണ നൽകി. പഠിച്ചു, പരീക്ഷയെഴുതി. കഴിഞ്ഞ തിങ്കളാഴ്ച പരീക്ഷഫലം വന്നപ്പോൾ വണ്ടിപ്പെരിയാർ സെന്‍ററിൽ പരീക്ഷ എഴുതിയവരിൽ ഏറ്റവും ഉയർന്ന വിജയം ജബക്കനിക്കായിരുന്നു. ഇനി സാക്ഷരത മിഷന്‍റെ പ്ലസ് ടു പരീക്ഷ എഴുതി വിജയിക്കണം, പഞ്ചായത്ത് അധികൃതർ അനുവദിച്ചാൽ മേറ്റായി തുടർന്ന് പ്രവർത്തിക്കണം. ഇതൊക്കെയാണ് ജബക്കനിയുടെ ആഗ്രഹം.