ബെയ്ജിങ്∙ ആന്റ് ഗ്രൂപ്പിന്റെ നിയന്ത്രണം വിട്ടുനൽകാൻ പ്രമുഖ വ്യവസായി ജാക് മാ. കമ്പനിയുടെമേലുള്ള അധികാരങ്ങളിൽ നിന്നൊഴിയാൻ ഓഹരി പങ്കാളികളുമായി നടത്തിയ ചർച്ചയിൽ ജാക് മാ സമ്മതിച്ചു. ഇ-കൊമേഴ്‌സ് ഭീമനായ ആലിബാബയുടെ സ്ഥാപകനും ചൈനയിലെ ശതകോടീശ്വരനുമായ ജാക് മാ നേരിടുന്ന തിരിച്ചടികളുടെ തുടർച്ചയാണിത്. ശനിയാഴ്ചത്തെ അറിയിപ്പ് പ്രകാരം ആന്റ് ഗ്രൂപ്പിന്റെ നിയന്ത്രണം പത്തംഗ സംഘത്തിനായിരിക്കും. ലോകത്തെതന്നെ ഏറ്റവും വലിയ ഫിന്‍ടെക് പ്ലാറ്റ്‌ഫോമായ ആന്റ് ഗ്രൂപ്പിന്റെ തലപ്പത്തുനിന്നും ഇതോടെ ജാക് മാ ഒഴിയും.
സർക്കാർ നടപടികളെ വിമർശിച്ചുള്ള പ്രസംഗത്തിനു ശേഷമാണ് പൊതുവേദികളില്‍നിന്ന് ജാക് മാ അപ്രത്യക്ഷമായത്. ചൈനീസ് റെഗുലേറ്റര്‍മാര്‍ സമയം നഷ്ടപ്പെടുത്തുന്നുവെന്നും നവീന ആശയങ്ങളെ നിരുത്സാഹപ്പെടുത്തുന്നു എന്നുമായിരുന്നു വിമര്‍ശനം. ഇതിനു പിന്നാലെ ആലിബാബയ്‌ക്കെതിരെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ഷാങ്‌ഹായിലും ഹോങ്കോങ്ങിലും ആന്റ് ഗ്രൂപ്പിന്റെ 3,700 കോടി ഡോളറിന്റെ ഐപിഒ ചൈനീസ് സര്‍ക്കാര്‍ തടയുകയും ചെയ്തു. പിന്നീട് മാസങ്ങളോളം അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടില്ല. കനത്ത തിരിച്ചടികൾ നേരിട്ടതോടെ കമ്പനിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽനിന്ന് അദ്ദേഹം പിൻവാങ്ങും. ഇതോടെ കമ്പനിക്കുമേൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അയവു വരുമെന്നാണ് ഓഹരി വിപണിയിലെ വിദഗ്ധർ വിലയിരുത്തുന്നത്.