കോഴിക്കോട്: അനുവദനീയമല്ലാത്തതും ശരീരത്തിന് ഹാനികരവുമായ റോഡമിൻ ബി എന്ന ഡൈ ചേർത്ത ശർക്കര വിറ്റതിന് കോഴിക്കോട് സ്ഥാപനത്തിന് 2 ലക്ഷം പിഴ ശിക്ഷ വിധിച്ചു. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന റോയൽ ബിഗ് മാർട്ട് എന്ന സ്ഥാപനത്തിന് താമരശ്ശേരി ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് 2 ലക്ഷം പിഴ ശിക്ഷ വിധിച്ചത്. കോഴിക്കോട് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ സക്കീർ ഹുസൈനാണ് ഇക്കാര്യം അറിയിച്ചത്.11-1-2020 ന് അന്നത്തെ ഫുഡ് സേഫ്റ്റി ഓഫീസർ ആയ ഡോക്ടർ സനിന മജീദ് സാമ്പിൾ എടുക്കുകയും തുടർന്ന് ചുമതലയേറ്റ ഫുഡ് സേഫ്റ്റി ഓഫീസർ ആയ രേഷ്മ ടി ക്രിമിനൽ കേസ് ഫയൽ ചെയ്യുകയും ചെയ്യുകയായിരുന്നു.
ഇത്തരത്തിലുള്ള അനുവദിനീയമല്ലാത്ത രാസവസ്തുക്കൾ ഭക്ഷണത്തിൽ ചേർത്താൽ നടപടികൾ സ്വീകരിക്കുമെന്നും ഭക്ഷ്യവസ്തുക്കളുടെ ലാബ് റിസൾട്ടുകളിൽ റോഡമിന്റെ സാന്നിധ്യം എൻഫോർസ്മെന്റ് നടപടികളുടെ ഭാഗമായി കുറഞ്ഞ് വരുന്നതായും വ്യാപാരികൾ ഇത്തരം വസ്തുക്കൾ വരുന്ന ചാക്കിൽ ലേബൽ ഉണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതും വാങ്ങിയ ബില്ലുകൾ സൂക്ഷിക്കേണ്ടതാണെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറായ സക്കീർ ഹുസൈൻ അറിയിച്ചു.












