തിരുവനന്തപുരം: ജയിൽ മോചനത്തിനായി സർക്കാർ ഗവർണർക്ക് ശിപാർശ നൽകിയ 33 തടവുകാരുടെ പട്ടികയിൽ സി.പി.എം, ബി.ജെ.പി പ്രവർത്തകരും. എട്ട് സി.പി.എമ്മുകാർ ഉൾപ്പെടെ 14 പേർ രാഷ്ട്രീയ തടവുകാരാണ്. ബാക്കി ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരാണ്. രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവരാണ് ഇവർ. സി.പി.എം പ്രവർത്തകരെ കൊലപ്പെടുത്തിയ ബി.ജെ.പിക്കാരും ബി.ജെ.പിക്കാരെ കൊലപ്പെടുത്തിയ സി.പി.എമ്മുകാരും പട്ടികയിലുണ്ട്. കല്ലുവാതുക്കൽ മദ്യദുരന്തക്കേസ് പ്രതി മണിച്ചന് പുറമെ, കുപ്പണ മദ്യദുരന്തക്കേസിലെ ഒന്നാം പ്രതി തമ്പിയെയും വിട്ടയക്കാൻ ശിപാർശയുണ്ട്. ജയിൽ ഉപദേശക സമിതിയുടെ അനുമതി തേടാതെ സെക്രട്ടറിതല സമിതിയുണ്ടാക്കിയാണ് ഇവരെ വിട്ടയക്കാനുള്ള ശിപാർശ ഗവർണർക്ക് സമർപ്പിച്ചത്. കുപ്രസിദ്ധ കേസുകളിൽ ഉൾപ്പെട്ട തടവുകാർ പട്ടികയിലുള്ളതിനാൽ ഗവർണർ നിയമോപദേശം തേടി.