ന്യൂഡല്‍ഹി∙ ദേശീയപതാക ജമ്മു കശ്മീരിൽ ഉയർത്താൻ ശ്രമിച്ചതിന് താൻ ജയിലിൽ കിടന്നിട്ടുണ്ടെന്ന് കേന്ദ്ര യുവജനകാര്യ–കായിക മന്ത്രി അനുരാഗ് ഠാക്കൂർ. ജമ്മുകശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞതോടെ ഈ സ്ഥിതി മാറിയെന്നും അദ്ദേഹം പറഞ്ഞു.
‘‘2010 മുതൽ 2017 വരെ ബിജെപിയുടെ യുവജന വിഭാഗം പ്രസിഡന്റായിരുന്നു. കൊൽക്കത്ത മുതൽ കശ്മീർ വരെ അന്നു താൻ യാത്ര നടത്തി. കശ്മീരിലെത്തി ദേശീയപതാക ഉയർത്താൻ ശ്രമിച്ചതിന് അറസ്റ്റിലായി’’ – ഗുവാഹത്തി ഐഐടിയിൽ നടത്തിയ പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
2019 ഓഗസ്റ്റിന് ശേഷം പുതിയ ജമ്മു കശ്മീരാണ് കാണാനും അനുഭവിക്കാനും സാധിക്കുന്നതെന്നും കഴിഞ്ഞ വർഷത്തെ ‘ഹർ ഘർ തിരംഗ’ പരിപാടിയുടെ ഭാഗമായി എല്ലാ വീടുകളിലും ഇന്ത്യയുടെ ദേശീയ പതാക ഉയർന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.