ദുബൈ: വാടകയ്‍ക്ക് എടുത്ത കാര്‍ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ നാല് പേരെ യുഎഇയില്‍ പൊലീസ് അറസ്റ്റ് ചെയ്‍തു. ഇവര്‍ക്ക് തടവും 2,70,000 ദിര്‍ഹം പിഴയുമാണ് കോടതി വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം എല്ലാവരെയും യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടു.
ഗള്‍ഫ് പൗരനായ ഒരാള്‍ ദുബൈയില്‍ ആഡംബര കാറുകള്‍ വാടകയ്‍ക്ക് നല്‍കുന്ന ഒരു സ്ഥാപനത്തെ സമീപിച്ചാണ് വാഹനം വാടകയ്‍ക്ക് എടുത്തത്. 5000 ദിര്‍ഹം ഡിപ്പോസിറ്റായും 1500 ദിര്‍ഹം വാടകയായും നല്‍കിയായ ശേഷം വാഹനം കൊണ്ടുപോയി. എന്നാല്‍ വാഹനം തിരിച്ചേല്‍പിക്കേണ്ട സമയമായിട്ടും ഇയാളെക്കുറിച്ചുള്ള വിവരമൊന്നും ലഭിക്കാതെ വന്നതോടെ കാര്‍ റെന്റല്‍ കമ്പനി ഇയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പലതവണ ശ്രമിച്ചിട്ടും ഇയാളോട് സംസാരിക്കാന്‍ സാധിച്ചില്ല.
ഇതോടെ വാഹനത്തില്‍ ഘടിപ്പിച്ചിരുന്ന നിരീക്ഷണ സംവിധാനം ഉപയോഗിച്ച് കാര്‍ എവിടെയുണ്ടെന്ന് കണ്ടെത്താനുള്ള ശ്രമം തുടങ്ങി. ട്രാക്കിങ് ഉപകരണം സ്ഥാപിച്ച കമ്പനിയുടെ ജീവനക്കാരുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ഈ ഉപകരണം വാഹനത്തില്‍ നിന്ന് ഇളക്കിമാറ്റിയതായി കണ്ടെത്തുകയായിരുന്നു. എന്നാല്‍ വാഹനം അബുദാബിയിലെ അതിര്‍ത്തിക്ക് സമീപമാണെന്ന് കണ്ടെത്താന്‍ സാധിച്ചു. കാര്‍ കടത്തിക്കൊണ്ട് പോകാനുള്ള ശ്രമമാണെന്ന് ഇതോടെ മനസിലാക്കിയ കമ്പനി ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചു. അതിര്‍ത്തിയില്‍ വെച്ചാണ് പൊലീസ്, കാര്‍ പിടിച്ചെടുത്തത്. തുടര്‍ന്ന് കേസില്‍ വിചാരണ നടത്തി കഴിഞ്ഞ ദിവസം വിധി പറയുകയായിരുന്നു.