മുംബൈ: ഓടുന്ന ട്രെയിനിൽ റെയിൽവേ പൊലീസ് കോൺസ്റ്റബിൾ യാത്രക്കാരെ കൂട്ടക്കൊല ചെയ്ത സംഭവത്തിൽ പ്രകോപനമായത് മേലുദ്യോഗസ്ഥനുമായുള്ള തർക്കമെന്ന് പൊലീസ് കണ്ടെത്തൽ. ആരോഗ്യം മോശമായതിനാല്‍ അവധി അനുവദിക്കണമെന്ന് പ്രതി, എഎസ്ഐ ടിക്കാറാം മീണയോട് ആവശ്യപ്പെട്ടു. ഇതിന്‍റെ പേരില്‍ ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കവും ഉണ്ടായി. ശേഷമാണ് കയ്യിലുണ്ടായിരുന്ന എ കെ 47 തോക്ക് ഉപയോഗിച്ച് പ്രതി തുടരെ വെടിയുതിര്‍ത്തത്.
ചേതൻ സിംഗ് അടക്കം നാലംഗ റെയിൽവെ പൊലീസ് സംഘമാണ് ജയ്പൂർ മുംബൈ സെൻട്രൽ എക്സ്പ്രസിൽ ഡ്യൂട്ടിക്കായി കയറിയത്. ട്രെയിൻ വൽസാഡ് എത്തിയപ്പോൾ എഎസ്ഐ ടിക്കാറാം മീണയോടെ തന്‍റെ ആരോഗ്യം ക്ഷീണിച്ചെന്നും ഡ്യൂട്ടി പാതിവഴിയിൽ അവസാനിപ്പിച്ച് വീട്ടിലേക്ക് പോവാൻ അനുവദിക്കണമെന്നും പ്രതി ആവശ്യപ്പെട്ടു. ഡ്യൂട്ടി പൂർത്തിയാക്കാൻ ആവശ്യപ്പെട്ട ടിക്കാറാം മീണ തോക്ക് ഒപ്പമുള്ള കോൺസ്റ്റബിളിന് കൈമാറി തത്ക്കാലം ആളൊഴിഞ്ഞ സീറ്റിൽ വിശ്രമിക്കാൻ നിർദ്ദേശിച്ചു. 15 മിനിറ്റോളം പ്രതി വിശ്രമിച്ച പ്രതി ദേഷ്യത്തിൽ എഴുന്നേറ്റ് വന്ന് തന്‍റെ കയ്യിൽ നിന്ന് തോക്ക് ബലമായി പിടിച്ച് വാങ്ങിയെന്നാണ് ഒപ്പമുണ്ടായിരുന്ന കോൺസ്റ്റബിളിന്‍റെ മൊഴി. വിശ്രമിക്കുന്നതിനിടെ വീട്ടിലേക്ക് വിളിച്ച് ഭാര്യയുമായും ക്ഷോഭിച്ചെന്ന് സാക്ഷി മൊഴിയുണ്ട്. എഴുന്നേറ്റ് വന്ന പ്രതി ടിക്കാറാം മീണയുമായി തകർത്തിലേർപ്പെടുകയും കയ്യിലുള്ള മിനി എകെ 47 ഉപയോഗിച്ച് കൂട്ടക്കൊല തുടങ്ങുകയുമായിരുന്നു.
നേരത്തെയും പലവട്ടം ഡ്യൂട്ടി പൂർത്തിയാക്കാൻ ഇയാൾ വിസമ്മതിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ദേഷ്യം നിയന്ത്രിക്കാൻ ബുദ്ധിമുട്ടുള്ളയാളാണ് ചേതനെന്ന് പൊലീസ് ഇന്നലെ പറഞ്ഞിരുന്നെങ്കിലും ഇങ്ങനെയൊരാൾക്ക് എന്തിന് തോക്ക് നൽകിയെന്ന ചോദ്യം ഉയരുന്നുണ്ട്. പ്രതി മാനസിക ബുദ്ധിമുട്ടുകൾക്ക് ചികിത്സ തേടിയിരുന്നെന്ന് ഉത്തർപ്രദേശിലുള്ള കുടുംബവും പറയുന്നു. അതേസമയം കൊലപാതകത്തിന് ശേഷം പ്രതി നരേന്ദ്രമോദിയെയും യോഗി ആദിത്യനാഥിനെയും പ്രകീർത്തിച്ച് സംസാരിക്കുന്ന വീഡിയോ പുറത്ത് വന്നു. വിദ്വേഷ പ്രചാരണത്തിന്‍റെ ബാക്കിയാണ് ഇപ്പോൾ കാണുന്നതെന്ന് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്‍റ് ബി വി ശ്രീനിവാസ് പറഞ്ഞു. ഒരു വിഭാഗത്തെ ലക്ഷ്യം വച്ചുള്ള ആക്രമണമാണ് നടന്നതെന്ന് മജ്ലിസ് പാർട്ടി നേതാവ് അസദുദ്ദീൻ ഒവൈസിയും ആരോപിച്ചു.