ഗുജറാത്ത് മുസ്‍ലിം വംശഹത്യയിൽ അന്ന് സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന വെളിപ്പെടുത്തൽ ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്തതിന് പിന്നാലെ ബി.ബി.സി ഓഫിസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധന സംബന്ധിച്ച് ഇന്ത്യയോട് ഔദ്യോഗികമായി വിഷയം ഉന്നയിച്ച് ബ്രിട്ടൻ. ബി.ബി.സി റെയ്ഡ് സംബന്ധിച്ച്ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി നടത്തിയ ചര്‍ച്ചയില്‍ ഉന്നയിച്ചുവെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ജെയിംസ് ക്ലവര്‍ലി അറിയിച്ചു. ബുധനാഴ്ച നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് വിഷയം ഉന്നയിച്ചതെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതാണ് എന്ന മറുപടിയാണ് ജയ്ശങ്കര്‍ ഇതിന് നല്‍കിയതെന്നാണ് സൂചന. ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തിയത്.
ന്യൂഡല്‍ഹിയിലേയും മുംബൈയിലെയും ബി.ബി.സി ഓഫീസുകളിലാണ് ആദായനികുതി വകുപ്പ് അധികൃതര്‍ കഴിഞ്ഞമാസം പരിശോധന നടത്തിയത്. റെയ്ഡിന് പിന്നാലെ ബി.ബി.സിക്ക് ശക്തമായ പിന്തുണയുമായി ബ്രിട്ടീഷ് സർക്കാർ രംഗത്തെത്തിയിരുന്നു. “ഞങ്ങൾ ബി.ബി.സിക്ക് ഒപ്പം നിലകൊള്ളുന്നു. ഞങ്ങൾ ബി.ബി.സിക്ക് ധനസഹായം നൽകുന്നു. ബി.ബി.സി വേൾഡ് സർവീസ് സുപ്രധാനമാണെന്ന് ഞങ്ങൾ കരുതുന്നു. ബി.ബി.സിക്ക് ആ എഡിറ്റോറിയൽ സ്വാതന്ത്ര്യം ലഭിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു” -ഫോറിൻ, കോമൺവെൽത്ത്, ഡെവലപ്‌മെന്റ് ഓഫീസിന്റെ പാർലമെന്ററി അണ്ടർ സെക്രട്ടറി ഡേവിഡ് റൂട്ട്‌ലി പറഞ്ഞു.