തിരുവനന്തപുരം : ലോകായുക്തക്കെതിരെ ഗുരുതര ആക്ഷേപവുമായി മുൻമന്ത്രി കെടി ജലീൽ. തക്ക പ്രതിഫലം കിട്ടിയാൽ എന്ത് കടുംകയ്യും ആർക്ക് വേണ്ടിയും ചെയ്യുന്ന ആളാണ് ലോകായുക്തയെന്നാണ് ആക്ഷേപം. യുഡിഎഫ് നേതാവിനെ പ്രമാദമായ കേസിൽ നിന്നും രക്ഷപ്പെടുത്താൻ സഹോദര ഭാര്യക്ക് എം ജി വിസി പദവി വിലപേശി വാങ്ങിയെന്നും ജലീൽ ആരോപിച്ചു. നേരിട്ട് പേര് പറയുന്നില്ലെങ്കിലും തനിക്കെതിരായ വിധി കൂടി പറയുന്ന ജലീൽ നൽകുന്ന സൂചനകളെല്ലാം ജസ്റ്റിസ് സിറിയക് ജോസഫിനെതിരെയാണ്. ജുഡീഷ്യറിയോടുള്ള ഭരണകൂടത്തിൻറെ പരസ്യവെല്ലുവിളിയാണിതെന്നും ജലീൽ സർക്കാറിൻറെ ചാവേറാണെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.
ലോകായുക്ത ഓർഡിനൻസിനെ ചൊല്ലിയുള്ള വിവാദം മുറുകുന്നതിനിടെയാണ് ജലീലിൻറെ കടുത്ത ആരോപണം. ലോകായുക്ത ഭേദഗതിയെ ന്യായീകരിക്കാനുള്ള ഫേസ് ബുക്ക് പോസ്റ്റിലുള്ളത് ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ അതീവ ഗൗരവമേരിയ വ്യക്തിപരമായ ആരോപണങ്ങൾ. യുഡിഎഫ് നേതാവിനെ പ്രമാദമായ ഒരു കേസിൽ നിന്നും രക്ഷപ്പെടുത്താൻ സ്വന്തം സഹോദര ഭാര്യക്ക് എംജി യൂണിവേഴ്സിറ്റി വിസി പദവി വിലപേശി വാങ്ങിയ ഏമാൻ എന്നാണ് വിമർശനം. മൂന്ന് കേന്ദ്ര ഏജൻസികൾ അരിച്ചുപെറുക്കിയിട്ടും നയാപൈസയുടെ ക്രമക്കേട് കണ്ടെത്താതാതെ പത്തി മടക്കി പിൻവാങ്ങിയപ്പോൾ പിണറായി സർക്കാറിനെ പിന്നിൽ നിന്നും കുത്താൻ യുഡിഎഫ് പുതിയ കത്തി കണ്ടെത്തി എന്നാണ് ലോകായുക്തയെ കുറിച്ചുള്ള അടുത്ത ആരോപണം. കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ അംഗമായി കോൺഗ്രസ് നിർദ്ദേശിച്ച മാന്യനെ ഇപ്പോഴുള്ള പദവിയിൽ പന്തീരാണ്ട് കാലം ഇരുത്തി ഇടത് സർക്കാറിനെ അസ്തിരപ്പെടുത്താനാണ് യുഡിഎഫ് പടപ്പുറപ്പാടെന്നും കുറ്റപ്പെടുത്തൽ. സ്വന്തം കേസടക്കം ജലീൽ പറഞ്ഞ സൂചനകളെല്ലാം ലോകായുക്ത ജഡ്ജി ജസ്റ്റിസ് സിറിയക് ജോസഫിനെതിരെയാണ്.
2005 ജനുവരി 25-ന് പുറത്ത് വന്ന വിധിയുടെ കോപ്പിയും 2004 നവംബർ 14-ന് സഹോദരഭാര്യ വിസി പദവി ഏറ്റെടുത്തതിൻ്റേയും രേഖ നാട്ടിലെ മുറുക്കാൻ കടയിൽ പോലും കിട്ടുമെന്നാണ് അടുത്ത പരിഹാസം. ജലീൽ സൂചിപ്പിച്ച ദിവസത്തെ വിധി ഐസ്ക്രീം കേസിൽ പികെ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായുള്ള ഹൈക്കോടതി വിധിയാണ്. അന്നത്തെ ഡിവിഷൻ ബെഞ്ചിൽ സിറിയക് ജോസഫുമുണ്ടായിരുന്നു. ജലീൽ സൂചിപ്പിച്ച ജിയ്യതിയിലായിരുന്നു സിറിയക് ജോസഫിൻറെ സഹോദര ഭാര്യ ജാൻസി ജെയിംസിനെ എംജി വിസിയാക്കി നിയമിച്ചത്. കോൺഗ്രസ്സാണ് ലോകായുക്തക്ക് പിന്നില്ലെന്ന ആക്ഷേപം ഉന്നയിക്കുമ്പോഴും സിറിയക് ജോസഫിനെ ലോകായുക്തയായി നിയമിച്ചത് ഒന്നാം പിണറായി സർക്കാർ എന്ന കാര്യം ജലീൽ പറയുന്നുമില്ല. ജുഡീഷ്യറിയോടുള്ള സർക്കാറിൻ്റെ പരസ്യവെല്ലുവിളിയാണ് ജലീൽ നടത്തിയതെന്നാണ് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. സർക്കാറിൻ്റെ ചാവേറായ ജലീലിന് ലോകായുക്തയുടെ അടി കൊണ്ടതാണ് വീര്യം കൂടുന്നതെന്നും വിഡി സതീശൻ വിമർശിച്ചു.
ലോകായുക്തക്കെതിരായ കെ.ടി.ജലീലിന്റെ അതിരുവിട്ട വിമര്‍ശനം ജുഡീഷ്യറിയോടുള്ള ഭരണകൂടത്തിന്റെ പരസ്യമായ വെല്ലുവിളിയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും കേസ് ലോകായുക്തക്ക് മുന്നിലിരിക്കുമ്പോഴാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് ആ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചത്. അത് പാളിയപ്പോഴാണ് ലോകായുക്തയെ തന്നെ വ്യക്തിപരമായി ആക്രമിക്കാന്‍ സര്‍ക്കാര്‍ ഒരു ചാവേറിനെ ഇറക്കിയിരിക്കുന്നതെന്നും ചെന്നിത്തല പരിഹസിച്ചു. ചെന്നിത്തലയുടേയും വിഡി സതീശൻ്റേയും വിമർശനത്തിന് പിന്നാലെ അടുത്ത ഫേസ്ബുക്ക് പോസ്റ്റുമായി കെ.ടി.ജലീൽ രംഗത്ത് എത്തി. ജസ്റ്റിസ് സിറിയക് ജോസഫിൻ്റെ പഴയ വിധി പകർപ്പാണ് ജലീൽ പോസ്റ്റിൽ പങ്കുവെച്ചത്.
ജലീലിൻ്റെ ഫേസ്ബുക്ക് പോസ്റ്റുകൾ –
മഹാത്മാഗാന്ധിയുടെ കയ്യിൽ വിശ്വസിച്ച് കൊടുത്ത ആയുധം ഗോദ്സെയുടെ കയ്യിൽ കിട്ടിയാൽ സംഭവിക്കുന്ന ദുരന്തമാണ് ലോകായുക്താ നിയമവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്നത്. UDF നേതാവിനെ പ്രമാദമായ ഒരു കേസിൽ നിന്ന് രക്ഷപ്പെടുത്താൻ സ്വന്തം സഹോദര ഭാര്യക്ക് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ പദവി വിലപേശി വാങ്ങിയ ഏമാൻ, തക്ക പ്രതിഫലം കിട്ടിയാൽ എന്ത് കടുംകയ്യും ആർക്കുവേണ്ടിയും ചെയ്യും.
മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ അരിച്ച് പെറുക്കി നോക്കിയിട്ടും ഒരു നയാപൈസയുടെ ക്രമക്കേടോ അവിഹിത സമ്പാദ്യമോ കണ്ടെത്താൻ കഴിയാതെ പത്തി മടക്കി പിൻവാങ്ങിയപ്പോഴാണ് പിണറായി സർക്കാരിനെ പിന്നിൽ നിന്ന് കുത്താൻ UDF പുതിയ ”കത്തി” കണ്ടെത്തിയത്. കേന്ദ്ര മനുഷ്യാവകാശ കമ്മീഷനായി കോൺഗ്രസ് നിർദ്ദേശിച്ച “മാന്യനെ” ഇപ്പോൾ ഇരിക്കുന്ന പദവിയിൽ പന്തീരാണ്ടുകാലം കുടിയിരുത്തി കേരളത്തിലെ ഇടതുപക്ഷ സർക്കരിനെ അസ്ഥിരപ്പെടുത്താനാണ് UDF നേതാക്കളുടെ പടപ്പുറപ്പാട്. ഇന്ത്യയിൽ ഒരിടത്തുമില്ലാത്ത നിയമം കേരളത്തിൽ മാത്രം വേണമെന്ന വാശിക്ക് പുല്ലു വില പോലും ജനങ്ങൾ കൽപ്പിക്കില്ല.
2005 ജനുവരി 25 ന് പുറത്ത് വന്ന പ്രമാദ കേസിലെ വിധിയുടെ കോപ്പിയും 2004 നവംബർ 14 ന് വൈസ് ചാൻസലർ പദവി സഹോദര ഭാര്യ ഏറ്റതിൻ്റെ രേഖയുമെല്ലാം നാട്ടിലെ മുറുക്കാൻ കടകളിൽ പോലും കിട്ടും. “ജാഗരൂഗരായ” കേരളത്തിലെ മാധ്യമങ്ങൾ എല്ലാം കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്. മാധ്യമ മുതലാളിമാരുടെ ആ ഒട്ടകപ്പക്ഷി നയം കൊണ്ടാന്നും ആരും രക്ഷപ്പെടാൻ പോകുന്നില്ല. “പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ” എന്നല്ലേ പ്രമാണം. അതിനു ഞാൻ നിമിത്തമായി എന്നു മാത്രം