വാഷിംഗ്ടൺ : മാധ്യമപ്രവര്‍ത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതം സൗദി കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിച്ചതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. തന്റെ നിലപാട് കൃത്യമായി അറിയിച്ചെന്നും മനുഷ്യാവകാശ പ്രശ്നങ്ങളിൽ തനിക്കും അമേരിക്കും നിശബ്ദരായി ഇരിക്കാനാവില്ലെന്നും ജോ ബൈഡൻ പറഞ്ഞു.
ജമാൽ ഖഷോഗിയെ കൊലപ്പെടുത്തിയ സൗദി അറേബ്യയെ ഒറ്റപ്പെടുത്തുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കാലത്തെ ജോ ബൈഡന്റെ പ്രഖ്യാപനം. എന്നാൽ ബൈഡന്റെ സൗദി സന്ദര്‍ശനം പഴയ നിലപാടിൽ നിന്നുളള മലക്കം മറിച്ചിലെന്നായിരുന്നു പരക്കെ ഉയര്‍ന്ന വിമര്‍ശനം. എന്നാൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായുള്ള കൂടിക്കാഴ്ചയിൽ ഖഷോഗി വിഷയത്തിലെ തന്റെ നിലപാട് വ്യക്തമാക്കിയതായി ജോ ബൈഡൻ അറിയിച്ചു. മനുഷ്യാവകാശ പ്രശ്നങ്ങളിൽ തനിക്കും അമേരിക്കയ്ക്കും നിശ്ബദരായി ഇരിക്കാനാവില്ല. ഇത്തരം കാര്യങ്ങൾക്കായി താൻ ശക്തമായി നില കൊള്ളുമെന്നും ബൈഡൻ വ്യക്തമാക്കി.
2018 ൽ തുര്‍ക്കിയിൽ വച്ചാണ് മാധ്യമ പ്രവര്‍ത്തകനായ ജമാൽ ഖഷോഗി കൊല്ലപ്പെടുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരമാണ് ഖഷോഗിയുടെ കൊലപാതകമെന്നായിരുന്നു അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. ഒടുവിൽ അറബ് ഉച്ചക്കോടിയിൽ പങ്കെടുക്കുന്നതിനായാണ് ബൈഡൻ സൗദിയിലെത്തിയത്. സൽമാൻ രാജാവുമായും കൂടിക്കാഴ്ച നടത്തിയ ബൈഡൻ ഊർജ വിതരണം, അടിസ്ഥാന സൗകര്യം,വ്യോമയാന കാര്യങ്ങൾ തുടങ്ങിയ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്താൻ ധാരണയായതായും അറിയിച്ചു.