ഉമറാബാദ്: പ്രശസ്ത ഇസ്ലാമിക പണ്ഡിതനും തമിഴ്നാട്ടിലെ ഉമറാബാദ് ജാമിഅ ദാറുസലാം ചാൻസലറുമായ മൗലാന കാക സെയ്ദ് അഹ്മദ് ഉമരി അന്തരിച്ചു. ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് ഉപാധ്യക്ഷനാണ്.
വിദ്യാഭ്യാസത്തിനും ജീവകാരുണ്യത്തിനും നൽകിയ സംഭാവനകൾക്ക് പേരുകേട്ട ഉമറാബാദിലെ പ്രമുഖ കാക കുടുംബത്തിലാണ് സെയ്ദ് അഹ്മദ് ഉമരി ജനിച്ചത്.
1924ൽ ഇദ്ദേഹത്തിന്‍റെ മുതുമുത്തച്ഛനും തോൽ വ്യാപാരിയായിരുന്ന കാക മുഹമ്മദ് ഉമർ സാഹിബ് ആണ് ജാമിഅ ദാറുസലാം കോളജ് സ്ഥാപിച്ചത്. ഉമർ സാഹിബിന്‍റ സംഭാവനകളെ മാനിച്ചാണ് കോളജ് സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന് ‘ഉമറാബാദ്’ എന്ന പേര് നൽകിയത്.
വിദ്യാഭ്യാസത്തിനും സേവനത്തിനും വഴിവിളക്കായ സ്ഥാപനമാണ് ജാമിഅ ദാറുസലാം. തമിഴ് മീഡിയം പ്രൈമറി സ്കൂൾ, ഉർദു മീഡിയം പ്രൈമറി സ്കൂൾ, കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിന് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ജാമിഅ ഹോസ്പിറ്റൽ എന്നിവ ജാമിഅ ദാറുസലാമിന്‍റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.