ശ്രീനഗർ: ഭീകരബന്ധത്തിന്റെ അടിസ്ഥാനത്തിൽ നാല് സർക്കാർ ജീവനക്കാരെ ജോലിയിൽനിന്നു പിരിച്ചുവിട്ട് ജമ്മു കശ്മീർ ലഫ്.ഗവർണർ മനോജ് സിൻഹ. ബിട്ട കരാട്ടെ എന്നറിയപ്പെടുന്ന ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) പ്രവർത്തകൻ ഫാറൂഖ് അഹമ്മദ് ദാറിന്റെ ഭാര്യ അസ്ബ അർസൂമന്ദ് ഖാൻ (2011 ബാച്ച് ജമ്മു കശ്മീർ അഡ്മിനിസ്ട്രേറ്റീവ് സർവീസ്), ഹിസ്ബുൽ മുജാഹിദ്ദീന്‍ നേതാവ് സയ്യിദ് സലാഹുദ്ദീന്റെ മകൻ സയ്യിദ് അബ്ദുൽ മുയീദ് (ജമ്മു കശ്മീർ എന്റർപ്രണർഷിപ് ഡവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഐടി മാനേജർ), മുഹീത് അഹമ്മദ് ഭട്ട് (കശ്മീർ സർവകലാശാല ശാസ്ത്രജ്ഞൻ), മജീദ് ഹുസൈൻ ഖാദ്രി (കശ്മീർ സർവകലാശാലയിലെ സീനിയർ അസിസ്റ്റന്റ് പ്രഫസർ) എന്നിവരെയാണ് പുറത്താക്കിയത്.
തീവ്രവാദ സംഘടനകളുമായും പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുമായും ബന്ധമുണ്ടെന്നു ജമ്മു കശ്മീർ സർക്കാർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്നാണ് അസ്ബ അർസൂമന്ദ് ഖാനെ പിരിച്ചുവിട്ടതെന്നു സർക്കാർ വ്യക്തമാക്കി. ഭർത്താവ് ബിട്ട കരാട്ടെയുടെ കോടതി വിചാരണയ്ക്കിടെയാണ് അസ്ബയുടെ ഭീകരബന്ധങ്ങൾ വെളിപ്പെട്ടത്. 2003ൽ ഷെർ ഇ കശ്മീർ കാർഷിക സർവകലാശാലയിലാണ് അസ്ബ ആദ്യമായി ജോലി ചെയ്തത്. പിൻവാതിലിലൂടെയായിരുന്നു നിയമനം.
2003നും 2007നും ഇടയിൽ മാസങ്ങളോളം അസ്ബ ജോലിയിൽനിന്ന് അവധിയെടുത്തെന്നും എന്നാൽ അവർക്കെതിരെ ഒരു നടപടിയും ഉണ്ടായില്ലെന്നും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. ഒടുവിൽ, 2007 ഓഗസ്റ്റിൽ അസ്ബയെ ജോലിയിൽനിന്നു പുറത്താക്കി. അവധിയെടുത്ത സമയത്ത് ജർമനി, യുകെ, ഹെൽസിങ്കി, ശ്രീലങ്ക, തായ്‌ലൻഡ് എന്നിവിടങ്ങളിലേക്ക് അസ്ബ പോയി.
ജെകെഎൽഎഫിന്റെ ദൂതയായും അസ്ബ ജോലി ചെയ്തിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. ഭൂരിഭാഗം വിദേശയാത്രകൾക്കു ശേഷവും നേപ്പാൾ അല്ലെങ്കിൽ ബംഗ്ലദേശിൽനിന്ന് റോഡ് മാർഗമാണ് ഇന്ത്യയിലേക്ക് എത്തിയിരുന്നത്. 2011ൽ ജമ്മു കശ്മീർ അഡ്മിനിസ്ട്രേറ്റീവ് സർവീസ് പാസായ അസ്ബ, മാസങ്ങൾക്കുള്ളിൽ ബിട്ട കരാട്ടെയെ വിവാഹം കഴിച്ചതായും ഉദ്യോഗസ്ഥൻ പറഞ്ഞു.
ഹിസ്ബുൽ മുജാഹിദ്ദീന്റെ സ്വയം പ്രഖ്യാപിത സുപ്രീം കമാൻഡർ സയ്യിദ് സലാഹുദ്ദീന്റെ മകനാണ് സർക്കാർ സർവീസിൽനിന്നു പിരിച്ചുവിട്ടവരിൽ മറ്റൊരാളായ സയ്യിദ് അബ്ദുൽ മുയീദ്. ജെകെഇഡിഐയിൽ ഐടി മാനേജരായി ജോലി ചെയ്തുവരികയായിരുന്ന മുയീദിനെ, 2012ലാണ് ഐടി കൺസൽട്ടന്റായി കരാർ അടിസ്ഥാനത്തിൽ ഇവിടെ നിയമിച്ചത്. നിയമം കാറ്റിൽപറത്തിയാണ് അദ്ദേഹത്തെ നിയമിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
സെലക്ഷൻ പാനലിൽ കുറഞ്ഞതു മൂന്ന് അംഗങ്ങളെങ്കിലും തീവ്രവാദ അനുഭാവികളായിരുന്നു. മുയീദിനെ പിന്നീട് ജോലിയിൽ സ്ഥിരപ്പെടുത്തുകയായിരുന്നു. സലാഹുദീന്റെ മറ്റു രണ്ടു മക്കളായ അഹമ്മദ് ഷക്കീൽ, ഷാഹിദ് യൂസഫ് എന്നിവരും മാനദണ്ഡങ്ങൾ ലംഘിച്ച് 2000ത്തിൽ സർക്കാർ സർവീസിൽ കയറിയിരുന്നു. ഇരുവരെയും ജോലിയിൽനിന്നു പിരിച്ചുവിട്ടു. ഇപ്പോൾ വിചാരണ നേരിടുന്ന ഇവർ ജയിലിൽ കഴിയുകയാണ്.
കശ്മീർ സർവകലാശാലയിലെ ശാസ്ത്രജ്ഞനായ മുഹീത് അഹമ്മദ് ഭട്ട്, 2017 മുതൽ 2019 വരെ ടീച്ചേഴ്‌സ് അസോസിയേഷന്റെ (കെയുടിഎ) എക്‌സിക്യൂട്ടീവ് അംഗവും 2017 മുതൽ 2019 വരെ അതിന്റെ പ്രസിഡന്റുമായിരുന്നു. 2016ൽ നിരവധി യുവാക്കൾ മരിച്ച വിദ്യാർഥി പ്രതിഷേധങ്ങളും തെരുവ് പ്രതിഷേധങ്ങളും സംഘടിപ്പിക്കുന്നതിൽ മുഹീത് പ്രധാന പങ്ക് വഹിച്ചതായി ഉദ്യോഗസ്ഥൻ വിശദീകരിച്ചു. ഭീകരസംഘടനായ ലഷ്കറെ തയിബയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് കശ്മീർ സർവകലാശാലയിലെ സീനിയർ അസിസ്റ്റന്റ് പ്രഫസർ മജീദ് ഹുസൈൻ ഖാദ്രിയെ പുറത്താക്കിയത്.