ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഉറി സെക്ടറിനു സമീപം നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റം നടത്തിയ ഭീകരരിൽനിന്ന് ചൈനീസ് നിർമിത തോക്ക് കണ്ടെത്തി. വ്യാഴാഴ്ച നടന്ന സംഭവത്തിൽ മൂന്നു ഭീകരരെ സൈന്യം വധിച്ചു. അതേസമയം, ചൈനീസ് നിർമിത തോക്ക് കണ്ടെത്തിയത് പതിവില്ലാത്തതാണെന്ന് സൈന്യം അറിയിച്ചു. എകെ സീരിസിൽപ്പെട്ട രണ്ട് ആയുധങ്ങൾ, ഒരു ചൈനീസ് എം–16 തോക്ക്, വെടിക്കോപ്പുകൾ തുടങ്ങിയവയാണ് ഉറിയിലെ കമാൽകോട്ട് മേഖലയിൽ കൊല്ലപ്പെട്ട ഭീകരരിൽനിന്നു കണ്ടെത്തിയത്.
‘‘എകെ സീരിസിലുള്ളവയാണ് സാധാരണ കണ്ടെത്തുന്നത്. ചിലപ്പോൾ എം–4 റൈഫിളുകളും (യുഎസ് നിർമിതം) ലഭിക്കാറുണ്ട്. എന്നാൽ ഇത് ചൈനീസ് നിർമിത എം–16 എന്ന 9 എംഎം കാലിബർ തോക്കാണ്. ഈ കണ്ടെത്തൽ അസാധാരണമാണ്. ഒരു പാക്ക് നിർമിത ബാഗും 4 സിഗററ്റ് പായ്ക്കറ്റുകളും 11 ആപ്പിളുകളും ഡ്രൈഫ്രൂട്ട്സും ഉൾപ്പെടെയുള്ളവയും ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്നു കണ്ടെടുത്തു’’ – സൈന്യത്തിന്റെ 19 ഇൻഫൻട്രി ഡിവിഷൻ, ജനറൽ ഓഫിസർ കമാൻഡിങ് (ജിഒസി) മേജർ ജനറൽ അജയ് ചന്ദ്പുരി വടക്കൻ കശ്മീരിലെ ബാരാമുള്ളയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.