ജമ്മുകശ്മീർ : ജമ്മുകശ്മിരിൽ വീണ്ടും ഡ്രോൺ നീക്കം. അന്താരാഷ്‌ട്ര അതിർത്തിയിലെ ആർഎസ് പുര സെക്ടറിലെ, അർണിയ പ്രദേശത്താണ് ഡ്രോൺ സാന്നിധ്യം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് അതിർത്തിയിൽ സുരക്ഷ വർദ്ധിപ്പിച്ചു. നീക്കം തിരിച്ചറിഞ്ഞതോടെ അതിർത്തി സുരക്ഷ സേന ഡ്രോണിന് നേർക്ക് വെടിയുതിർത്തു. തുടർന്ന് ഇവ പാകിസ്താനിലേയ്‌ക്ക് തിരികെ പോയതായി സേന അറിയിച്ചു. ഡ്രോൺ നീക്കം തിരിച്ചറിഞ്ഞതോടെ സേന അതീവ ജാഗ്രത പാലിക്കുകയാണെന്നും നിരീഷണം ശക്തമാക്കിയതായും അതിർത്തി സുരക്ഷ സേന അറിയിച്ചു. നവംബർ 21നും അതിർത്തിയിൽ ഇത്തരത്തിൽ ഡ്രോൺ നീക്കമുണ്ടായിരുന്നു. നിയന്ത്രണ രേഖയിൽ മെൻഡർ സെക്ടറിലാണ് അന്ന് ഡ്രോൺ നീക്കമുണ്ടായത്. നിയമങ്ങൾ ലംഘിച്ച് നിയന്ത്രണ രേഖയിൽ ഡ്രോൺ നീക്കം നടത്തുകയാണ് പാകിസ്താൻ സേന എന്ന് അതിർത്തി സുരക്ഷ സേന പറഞ്ഞു.