ജാനകിയുടെയും നവീനിന്റെയും റാസ്പുടിൻ ഡാൻസ് ഓർക്കുന്നില്ലേ. കേരളത്തിൽ ആ ചുവടുകൾ ഉണ്ടാക്കിയ ഓളം ചെറുതല്ല. എന്നാൽ ബിബിസി തയ്യാറാക്കിയ കഴിഞ്ഞ വർഷം വൈറലായ വീഡിയോകളുടെ പട്ടികയിൽ ഇവരുടെ റാസ്പുടിൻ ചലഞ്ച് വിഡിയോയും ഇടംപിടിച്ചിട്ടുണ്ട്. തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർഥികളാണ് ജാനകി ഓംകുമാറും നവീൻ കെ റസാഖും. കേന്ദ്ര ആരോഗ്യമന്ത്രി ആദ്യ കോവിഡ് വാക്സീൻ സ്വീകരിക്കുന്നതും ഒളിമ്പിക്സിൽ സ്വർണം നേടിയ നീരജ് ചോപ്രയുടെ പ്രകടനവുമൊക്കെയാണ് പട്ടികയിൽ ഇടംപിടിച്ച മറ്റു വിഡിയോകൾ.
2021 ഏപ്രിലിലാണ് ഇരുവരും റാ റാ റാസ്പടിൻ എന്ന ഗാനത്തിന് കിടിലൻ ചുവടുകളുമായി നൃത്തം വെച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തതോടെ ഡാൻസ് വൈറലായി. പഠനത്തിരക്കുകൾക്കിടയിൽ ലഭിച്ച ഒഴിവ് സമയത്താണ് ഇരുവരും ഈ വീഡിയോ ചെയ്തത്. കോളേജിന്റെ ഒഴിഞ്ഞ വരാന്തയിൽ നീല യൂണിഫോം ധരിച്ച് ഇവർ വെച്ച ചുവടുകൾ എല്ലാവർക്കും പ്രിയപ്പെട്ടതായി. കോടികണക്കിന് പേരാണ് വീഡിയോ കണ്ടത്. വീഡിയോ വൈറലാകുന്നതിനൊപ്പം തന്നെ ഈ വീഡിയോയെ കുറിച്ചുള്ള വർഗീയ വിദ്വേഷം കലർന്ന ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് പല വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചു.ഇരുവരുടെയും മതങ്ങളെ കുറിച്ച് പറഞ്ഞായിരുന്നു പോസ്റ്റ്. അതിനെയും നവീനും ജാനകിയും ഒറ്റക്കെട്ടായി നേരിട്ടു. ഇവർക്ക് പിന്തുണയുമായി നിരവധി പേർ റാസ്പുടിൻ ചലഞ്ച് ഏറ്റെടുത്ത് രംഗത്തെത്തുകയും ചെയ്തു. ഈ വിഡിയോ ആണ് ഇപ്പോൾ ബിബിസി വൈറൽ വിഡിയോ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.