തിരുവനന്തപുരം: ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠന റിപ്പോർട്ടിന്റെ വെളിച്ചത്തിൽ കെ റെയിൽ പദ്ധതി പിൻവലിക്കണമെന്ന് കെ റയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി. ഹരിത പദ്ധതി എന്ന സർക്കാരിന്റെ കള്ള പ്രചാരണങ്ങളെ സമിതി ആദ്യ ഘട്ടത്തിൽ തന്നെ തുറന്നു കാട്ടിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന റിപ്പോർട്ടാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുറത്തിറക്കിയ പഠന റിപ്പോർട്ട്.
കേരളത്തിന്റെ പരിസ്ഥിതി നേരിടേണ്ടിവരുന്ന രൂക്ഷമായ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന റിപ്പോർട്ട് തയാറാക്കിയ ശാസ്ത്ര സാഹിത്യ പരിഷത്തിനെ സംസ്ഥാന സമിതി അഭിനന്ദിച്ചു. ഈ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ സർക്കാർ പദ്ധതി പിൻവലിച്ച് ഉത്തരവിറക്കണം. കെ റയിൽ സിൽവർ ലൈൻ പദ്ധതി പിൻവലിച്ച് സർക്കാർ ഉത്തരവിറക്കുക, സമരക്കാർക്കെതിരായ മുഴുവൻ കേസുകളും പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി നടത്തിവരുന്ന സമരം കൂടുതൽ ശക്തമാക്കാൻ സമരസമിതി തീരുമാനിച്ചു.
കേരളത്തിന്റെ പരിസ്ഥിതിയെ അപ്പാടെ തകർക്കുന്ന പദ്ധതിക്കെതിരായ ചെറുത്തു നിൽപുയർത്തി ഈ വർഷവും പരിസ്ഥിതി ദിനത്തിൽ സംസ്ഥാന വ്യാപകമായി സമരമരം നടും. യൂനിറ്റുകളുടെ നേതൃത്വത്തിൽ പൊതു സ്ഥലങ്ങളിലും വീടുകളിലും പരിപാടികൾ നടത്തും. കെ റയിൽ വിരുദ്ധ പ്രക്ഷോഭത്തിന്റെ കെടാവിളക്കായ കാട്ടിലപ്പീടിക അനിശ്ചിത കാല സത്യാഗ്രഹം 1000 ദിവസത്തിലേക്ക് അടുക്കുകയാണ്.
സർക്കാരിന്റെ കൈയൂക്കിനെ ഇച്ഛാശക്തി കൊണ്ട് നേരിട്ട സമര പ്രവർത്തകർ സംസ്ഥാനമെമ്പാട് നിന്നും കാട്ടിലപ്പീടികയിൽ ഒത്തുചേരും. ജനകീയ സമരത്തിന്റെ വിജയവഴിയിലെ ആയിരം ദിനങ്ങളുടെ ആവേശവുമായി വിപുലമായ പരിപാടികൾ ജൂൺ അവസാനം നടത്തും. സംസ്ഥാന അധ്യക്ഷൻ എം.പി ബാബുരാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് സമരം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചത്. പദ്ധതിക്കെതിരായ ഒപ്പ് ശേഖരണം തുടരാനും കേന്ദ്ര റയിൽവേ മന്ത്രിക്ക് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകാനും യോഗം തീരുമാനിച്ചുവെന്ന് ജനറൽ കൺവീനർ എസ്. രാജീവൻ അറിയിച്ചു.