അത്യാവശ്യഘട്ടത്തില്‍ വിദ്യാർഥികൾക്ക് പകരമായി സ്കൂളിൽ പോകാനും ക്ലാസ് മുറികളിൽ ഇരുന്ന് പാഠഭാഗങ്ങൾ പഠിച്ചെടുക്കാനും റോബോട്ടുകളെ ഉപയോഗിക്കാൻ ഒരുങ്ങുകയാണ് ഒരു ജപ്പാൻ നഗരം. ഈ റോബോട്ടുകളിലൂടെ വിദ്യാർഥികൾക്ക് അവരുടെ വീട്ടിലിരുന്ന് തന്നെ പാഠഭാഗങ്ങൾ പഠിക്കാനും അധ്യാപകരുമായി സംസാരിക്കാനും സാധിക്കും. സ്കൂളിൽ പോകാൻ വിമുഖത കാണിക്കുന്ന കുട്ടികൾക്ക് ഒരു പഠനസഹായിയെന്ന നിലയിലും സ്കൂളുമായുള്ള അവരുടെ അപരിചിതത്വം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് ഇത്തരത്തിൽ റോബോട്ടുകളെ ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ജപ്പാനിലെ പ്രാദേശിക പത്രമായ മൈനിച്ചി ഷിംബുൻ പത്രം പറയുന്നതനുസരിച്ച്, തെക്ക് – പടിഞ്ഞാറൻ ജപ്പാനിലെ കുമാമോട്ടോ എന്ന നഗരമാണ് വിദ്യാർഥികൾക്കായി ഇത്തരത്തിൽ ഒരു വെർച്വൽ ഹാജർ പരീക്ഷണം റോബോട്ടുകളിലൂടെ നടപ്പിലാക്കാൻ പദ്ധതിയിടുന്നത്. സ്കൂളും ക്ലാസ് മുറികളും പഠന സംവിധാനങ്ങളും ഒക്കെയായുള്ള വിദ്യാർഥികളുടെ അപരിചിതത്വം ഒഴിവാക്കാനും സ്കൂളിലേക്ക് വരാൻ മടിയുള്ള വിദ്യാർഥികൾക്ക് പ്രോത്സാഹനം നൽകാനുമാണ് ഇത്തരത്തിൽ ഒരു പദ്ധതി. മൈക്രോഫോണുകൾ, സ്പീക്കറുകൾ, ക്യാമറകൾ എന്നിവ ഘടിപ്പിച്ച റോബോട്ടുകൾ വഴി വിദ്യാർഥികൾക്ക് അധ്യാപകരുമായും അധ്യാപകർക്ക് വിദ്യാർഥികളുമായും എളുപ്പത്തിൽ ആശയവിനിമയം നടത്താം. നവംബർ മാസത്തോടെ ഇത് ക്ലാസ് മുറികളിൽ അവതരിപ്പിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. മൂന്നടി വലിപ്പമുള്ള ഈ റോബോട്ടുകൾ സ്വയം ചലന ശേഷിയുള്ളവരായിരിക്കും.
ഇത്തരത്തിലുള്ള സംരംഭം രാജ്യത്ത് ഇതാദ്യമാണെന്ന് കുമാമോട്ടോ മുനിസിപ്പൽ വിദ്യാഭ്യാസ ബോർഡിന്‍റെ അറിയിപ്പില്‍ പറയുന്നു. ക്ലാസിൽ ഹാജരാകാത്ത കുട്ടികളുടെ ഉത്കണ്ഠ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌കൂളിൽ തങ്ങളെ പ്രതിനിധീകരിക്കുന്ന റോബോട്ടുകളെ കുട്ടികൾക്ക് വീട്ടിൽ ഇരുന്ന് തന്നെ നിയന്ത്രിക്കാൻ കഴിയും. ഇത് ക്ലാസുകളിലും സഹപാഠികളുമായുള്ള ചർച്ചകളിലും പങ്കെടുക്കാൻ അവരെ അനുവദിക്കുമെന്ന് കുമാമോട്ടോ മുനിസിപ്പൽ വിദ്യാഭ്യാസ ബോർഡ് അറിയിച്ചു. മറ്റ് രാജ്യങ്ങളെപ്പോലെ, കോവിഡ് -19 മഹാമാരിക്ക് ശേഷം ജപ്പാനിലും സ്‌കൂളിൽ പോകാത്ത കുട്ടികളുടെ എണ്ണം വർധിച്ചതായാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.