കൊയമ്പത്തൂര്‍ : തമിഴ്നാട്ടിലും കേരളത്തിലും മെയ് മാസത്തില്‍ വിവാഹങ്ങളുടെ എണ്ണം കൂടിയതോടെ മുല്ലപ്പൂവിന്‍റെ വില കുത്തനെ ഉയര്‍ന്നു. കിലോയ്ക്ക് 600 രൂപ ഉണ്ടായിരുന്ന മുല്ലപ്പൂ വില ദിവസങ്ങള്‍ക്കുള്ളില്‍ കിലോയ്ക്ക് 1000 രൂപയായി. വരും ദിവസങ്ങളില്‍ വീണ്ടും വില കൂടാനാണ് സാധ്യത എന്നാണ് വിപണി വൃത്തങ്ങള്‍ പറയുന്നത്.
കൊയമ്പത്തൂരിലെ കേരളത്തിലേക്ക് അടക്കം മുല്ലപ്പൂ കയറ്റി അയക്കുന്ന മാര്‍ക്കറ്റിലെ വ്യാപാരികള്‍ പറയുന്നത്, സാധാരണ ഈ സമയത്ത് കിലോയ്ക്ക് 400 രൂപ നിരക്കിലാണ് വില്‍പ്പന നടന്നിരുന്നത് എന്നാണ്. എന്നാല്‍ വിവാഹങ്ങളും ഉത്സവങ്ങളും കൂടിയതോടെ പൂവിന്‍റെ വിലയും ഉയര്‍ന്നു. കൊവിഡ് കാലത്തിന് ശേഷം ഉത്സവങ്ങളും, വലിയ ആഘോഷത്തോടെയുള്ള വിവാഹങ്ങളും കൂടിയതോടെ മുല്ലപ്പൂവിന് ആവശ്യക്കാരും ഏറിയത് വില്‍പ്പന വര്‍ദ്ധിപ്പിച്ചു.
കൊവിഡിന് മുന്‍പ് മെയ് മാസത്തില്‍ കിലോയ്ക്ക് 700 രൂപവരെ വില്‍പ്പന നടന്നിട്ടുണ്ട്. കൊയമ്പത്തൂരില്‍ നിന്നും മാത്രം 500 കിലോ മുല്ലപ്പൂ കേരളത്തിലേക്ക് അയക്കുന്നുണ്ടെന്നാണ് കണക്ക്. ഓഫ് സീസണുകളില്‍ മുല്ലപ്പൂ കിലോയ്ക്ക് 100വരെ താഴാറുണ്ട്. സത്യമംഗലം ഭാഗത്ത് നിന്നാണ് കൊയമ്പത്തൂരിലേക്ക് പ്രധാനമായും മുല്ലപ്പൂ എത്തുന്നത്. മെയ് മാസത്തില്‍ തുടര്‍ച്ചയായി മഴയുണ്ടായത് പൂ ഉത്പാദനത്തെ ബാധിച്ചാല്‍ വരും ദിവസങ്ങളില്‍ വീണ്ടും മുല്ലപ്പൂ വില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.