തിരുവനന്തപുരം: ഇൻഡിഗോ എയർലൈൻസിന്റെ യാത്രാവിലക്കു നേരിട്ട എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ട്രെയിനിൽ കണ്ണൂരിലേക്കു തിരിച്ചു. ഇൻഡിഗോ വിമാനത്തിൽ ഇനി യാത്ര ചെയ്യില്ലെന്ന് ജയരാജൻ അറിയിച്ചു. എല്ലാവരും വിമാനം ഉപേക്ഷിച്ച് ട്രെയിനിൽ പോകണമെന്നും അദ്ദേഹം പറഞ്ഞു.
‘എന്നെ മൂന്നാഴ്ചത്തേക്കു വിലക്കിയത് നിയമവിരുദ്ധമായാണ്. കമ്പനി തെറ്റായ നിലപാടാണ് സ്വീകരിച്ചത്. ഞാൻ ആരാണെന്നു പോലും അറിയാതെയാണ് ചിലർ വിധിച്ചത്. എല്ലാവരും വിമാനം ഉപേക്ഷിച്ച് ട്രെയിനിൽ പോകണം. ഇൻഡിഗോ പൂട്ടണോ എന്ന് ആളുകൾ തീരുമാനിക്കട്ടെ. വിമാനത്തിൽ ഭയങ്കര ചാർജാണ് ഈടാക്കുന്നത്. ട്രെയിനാണ് ആദായകരം.
നടന്നു പോയാലും ഇനി ഇൻഡിഗോയിൽ കയറില്ല. ഇൻഡിഗോ കമ്പനിയുടെ ഒരു വിമാനത്തിലും യാത്ര ചെയ്യില്ല. ഇതു കേൾക്കുന്ന നിരവധി ആളുകൾ സ്വമേധയാ ഇൻഡിഗോയെ ബഹിഷ്കരിക്കും. ചിലപ്പോ കമ്പനി തന്നെ തകർന്നു പോകും. എന്റെ ഒരു പൈസയും ഈ കമ്പനിക്കു കൊടുക്കാൻ താൽപര്യപ്പെടുന്നില്ല.’– ഇ.പി.ജയരാജൻ പറഞ്ഞു.