കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വിജയത്തോടെ കേരളത്തിൽ എൽഡിഎഫ് 100 സീറ്റ് തികയ്ക്കുമെന്ന് ഇ.പി.ജയരാജന്‍. ‘ജനങ്ങൾ ഇടതുമുന്നണിക്കൊപ്പമാണ്. പൊതുസ്വതന്ത്രനാണോ സ്ഥാനാർഥിയാവുക എന്ന് പറയാനാകില്ല’- ജയരാജൻ പറഞ്ഞു. സ്ഥാനാ൪ഥി നി൪ണയ കൂടിയാലോചനകൾക്കായി എറണാകുളത്തെത്തിയതായിരുന്നു അദ്ദേഹം.
അതേസമയം, പൊതുസ്വതന്ത്രനെ കണ്ടെത്താനായില്ലെങ്കിൽ പാർട്ടി സ്ഥാനാർഥിയെ മൽസരിപ്പിക്കുന്നത് സിപിഎമ്മിന്റെ സജീവ പരിഗണനയിലാണ്. ഈ മാസം 31നാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ്. ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍. പി.ടി.തോമസ് എംഎൽഎ അന്തരിച്ചതിനെ തുടർന്നുള്ള ഒഴിവിലാണ് തൃക്കാക്കര നിയമസഭാ മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. പി.ടി.തോമസ് എംഎല്‍എയുടെ ഭാര്യ ഉമാ തോമസ് ഉൾപ്പെടെയുള്ളവരുടെ പേരുകളാണ് കോൺഗ്രസിൽ ഉയർന്നു കേൾക്കുന്നത്. ബിജെപിയും എൽഡിഎഫും ശക്തനായ സ്ഥാനാർഥിയെ മത്സരിപ്പിക്കാനാണ് നീക്കം.