കണ്ണൂർ: സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി ജയരാജന്‍റെ ഭാര്യ ഇന്ദിര ചെയർപേഴ്സണായ വൈദേകം റിസോർട്ടിൽ പരിശോധന. കേന്ദ്ര ജി.എസ്.ടി വകുപ്പിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.മൂന്നു മണിയോടെ അഞ്ച് ഉദ്യോഗസ്ഥർ ഇന്നോവ കാറിലാണ് റിസോർട്ടിലെത്തിയത്. കണ്ണൂർ ഇരിണാവിലാണ് വൈദേകം ആയുർവേദ റിസോർട്ട് സ്ഥിതി ചെയ്യുന്നത്.അതേസമയം, പേഴ്സണൽ ഓഡിറ്റർമാർ കണക്ക് പരിശോധിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് റിസോർട്ട് അധികൃതർ വിശദീകരിക്കുന്നത്. ഇ.പി ജയരാജന്‍റെ ഭാര്യക്ക് മേജർ ഷെയറുള്ള റിസോർട്ടിന്‍റെ ഡയറക്ടർ ബോർഡിൽ മകൻ ജെയ്സണും അംഗമാണ്.
കുന്നിടിച്ച് നിർമാണം നടത്തിയ സംഭവത്തിൽ റിസോർട്ടിനെതിരെ വലിയ ആരോപണങ്ങൾ മുമ്പ് ഉയർന്നിരുന്നു. കഴിഞ്ഞ ഡിസംബറിൽ നടന്ന സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി. ജയരാജനാണ് ഇ.പി ജയരാജനെതിരെ പരാതി ഉന്നയിച്ചത്. ഇ.പി ജയരാജൻ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നും അദ്ദേഹത്തിന്‍റെ കുടുംബം റിസോർട്ടിൽ പണം നിക്ഷേപിച്ചെന്നുമായിരുന്നു ആരോപണം. കിട്ടിയ വിവരം പാർട്ടിയെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു പി. ജയരാജന്‍റെ വിശദീകരണം.എന്നാൽ, റിസോർട്ട് വിവാദത്തോട് പ്രതികരിച്ച ഇ.പി ജയരാജൻ തന്നെ തകർക്കാനുള്ള നീക്കമാണെന്നും വ്യക്തിഹത്യക്ക് ശ്രമമുണ്ടെന്നും പാർട്ടി അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.തുടർന്നാണ് ആരോപണത്തിൽ സി.പി.എം അന്വേഷണം പ്രഖ്യാപിച്ചത്.