കൊടഗ്: വന്യമൃഗ ശല്യം രൂക്ഷമായ മേഖലയില്‍ കുഴിയില്‍ വീണ കാട്ടുകൊമ്പനെ ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തി. കര്‍ണാടകയിലെ കൊടഗ് ജില്ലയിലാണ് സംഭവം. കുഴിയില്‍ നിന്ന് കയറാനായി ആനയെ സഹായിക്കുന്ന ജെസിബി കൈകളുടെ വീഡിയോ ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രാമനാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.
https://twitter.com/SudhaRamenIFS/status/1624979627054870528?s=20
നിരവധി തവണ കുഴിയില്‍ നിന്ന് ഉയര്‍ത്താന്‍ ശ്രമിച്ചതിന് ശേഷം ആനയെ ജെസിബിയുടെ നീളമുള്ള കൈകൊണ്ട് തള്ളിയാണ് പുറത്ത് എത്തിക്കുന്നത്. പുറത്തെത്തിയ കൊമ്പന്‍ ജെസിബിയുടെ കയ്യുമായി ഏറ്റുമുട്ടാനാണ് ശ്രമിക്കുന്നത്. കുഴിക്ക് പുറത്ത് എത്തിയ കാട്ടാന കാട്ടിലേക്ക് കയറാന്‍ തയ്യാറാവാതെ വന്നതോടെ വനപാലകരും നാട്ടുകാരും ശബ്ദമുണ്ടാക്കുന്നത് വീഡിയോയിലുണ്ട്. എന്നാല്‍ കാട്ടാന ജെസിബിക്ക് നേരെ തിരിയുകയാണ്. ജെസിബിയുടെ ബക്കറ്റുമായി കൊമ്പ് കോര്‍ക്കാന്‍ ശ്രമിക്കുന്ന കാട്ടാനയെ പടക്കം പൊട്ടിച്ചാണ് വനപാലകര്‍ ഒടുവില്‍ കാട് കയറ്റിയത്. ദക്ഷിണേന്ത്യയിലെ ആനകളുടെ 50 ശതമാനത്തോളവും ഉള്ള സംസ്ഥാനമായാണ് കര്‍ണാടകയെ വിലയിരുത്തുന്നത്. 6000ല്‍ അധികം കാട്ടാനകളാണ് സംസ്ഥാനത്തുള്ളത്. വന്യമൃഗങ്ങളുമായി മനുഷ്യന്‍റെ ഏറ്റുമുട്ടേണ്ടി വരുന്ന സംഭവങ്ങളും കര്‍ണാടകയില്‍ വര്‍ധിച്ചുവരികയാണ്.












