പട്ന ∙ ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യത്തിനുള്ള ആഹ്വാനവുമായി ജനതാദൾ (യു) ദേശീയ കൗൺസിൽ യോഗം ആരംഭിച്ചു. ജെഡിയുവിനെ ദേശീയ പാർട്ടിയാക്കി വിപുലീകരിക്കാൻ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ട ലലൻ സിങിനെ സമ്മേളനം ചുമതലപ്പെടുത്തി. ബിജെപിക്കെതിരെ ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കാനുള്ള ദൗത്യം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിർവഹിക്കും.
ഹിമാചൽ പ്രദേശ് നിയമസഭ, ഡൽഹി മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കേറ്റ പരാജയത്തിന്റെ പ്രാധാന്യം മാധ്യമങ്ങൾ മറച്ചു പിടിക്കുകയാണെന്നു ജെഡിയു അധ്യക്ഷൻ ലലൻ സിങ് കുറ്റപ്പെടുത്തി. മാധ്യമങ്ങളുടെ ഉടമസ്ഥത വൻ വ്യവസായികൾ കയ്യടക്കിയതു കാരണമാണിതെന്നും അദ്ദേഹം പറഞ്ഞു. ഹിമാചൽ പ്രദേശിൽ കോൺഗ്രസിനെ പിന്തുണച്ച് മറ്റു പ്രതിപക്ഷ കക്ഷികൾ മത്സരരംഗത്തുനിന്ന് മാറി നിന്നതിനാലാണ് ബിജെപിയെ പരാജയപ്പെടുത്താൻ കഴിഞ്ഞതെന്നു പാർട്ടി ജനറൽ സെക്രട്ടറി കെ.സി.ത്യാഗി വിലയിരുത്തി.
ഗുജറാത്തിൽ പ്രതിപക്ഷ പാർട്ടികൾ പരസ്പരം മത്സരിച്ചതു ബിജെപിക്കു സഹായകമായെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനും ഇടതുപാർട്ടികൾക്കുമൊപ്പം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ബിജെപിക്കെതിരായ വിശാല സഖ്യത്തിൽ ചേരണമെന്നും ത്യാഗി അഭ്യർഥിച്ചു. ദേശീയ കൗൺസിൽ യോഗത്തിന്റെ തുടർച്ചയായി ജെഡിയു ദേശീയ സമ്മേളനം നടക്കും.