കലാപകലുഷിതമായ മണിപ്പൂരിൽനിന്നെത്തിയ പിഞ്ചുബാലികയെ ചേർത്തുപിടിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മണിപ്പൂരിൽ നിന്നെത്തി തൈക്കാട് മോഡൽ ഗവ. എൽ.പി സ്കൂളിൽ പ്രവേശനം നേടിയ ജേ ജെം എന്ന കുട്ടിയെ സ്കൂളിൽ സന്ദർശിച്ച മന്ത്രി കുട്ടിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
മണിപ്പൂരിൽനിന്ന് ബന്ധുവിനൊപ്പം കേരളത്തിൽ എത്തിയതാണ് ജേ ജെം എന്ന ഹൊയ്നെ ജെം വായ്പേയ്. ഇവരുടെ വീട് അക്രമികൾ കത്തിച്ചതായാണ് വിവരം. മാതാപിതാക്കളും സഹോദരങ്ങളും ഗ്രാമത്തിൽനിന്ന് പാലായനം ചെയ്തു. ഈ സാഹചര്യത്തിൽ കേരളത്തിൽ എത്തിയ ജേ ജെമ്മിന് രേഖകൾ ഒന്നും ഹാജരാക്കിയില്ലെങ്കിലും സർക്കാർ സ്കൂളിൽ പ്രവേശനം നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തയാറാകുകയായിരുന്നു. തിരുവനന്തപുരം തൈക്കാട് മോഡൽ ഗവ. എൽ.പി സ്കൂളിൽ മൂന്നാം ക്ലാസിലാണ് പ്രവേശനം നേടിയത്.
ജേ ജെം കേരളത്തിന്റെ വളർത്തുമകളാണെന്ന് മന്ത്രി പറഞ്ഞു. സമാധാനത്തോടെ ജീവിച്ചു പഠിക്കാനുള്ള സാമൂഹികാന്തരീക്ഷം കേരളത്തിലുണ്ട്. മണിപ്പൂരിലെ നിലവിലെ സാഹചര്യം ഏറെ ദുഃഖകരമാണ്. ആക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ അധികൃതർ തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.