റിയാദ്: ജിദ്ദ അന്താരാഷ്ട്ര പുസ്തകമേള ഡിസംബറില്‍ നടക്കും. ഡിസംബര്‍ എട്ട് മുതല്‍ 17 വരെ നീണ്ടു നില്‍ക്കുന്ന പുസ്തക മേളക്കുള്ള ഒരുക്കവും സൗദി ലിറ്ററേച്ചര്‍-പബ്ലിഷിങ്-ട്രാന്‍സ്ലേഷന്‍ അതോറിറ്റിക്ക് കീഴില്‍ പുരോഗമിക്കുകയാണ്.
അതോറിറ്റിയുടെ പ്രധാന സംരംഭങ്ങളിലൊന്നാണ് രാജ്യത്ത് വിവിധ നഗരങ്ങളില്‍ സംഘടിപ്പിക്കുന്ന പുസ്തക മേള. 600ലധികം പ്രസാധകരുടെ വിപുലമായ പങ്കാളിത്തം ജിദ്ദ അന്താരാഷ്ട്ര പുസ്തകമേളയിലുണ്ടാകും. കൂടാതെ സാംസ്‌കാരിക സംഘടനകളുടെ പങ്കാളിത്തത്തോടെ സമഗ്രമായ സാംസ്‌കാരിക പരിപാടികളും നടക്കും.പ്രഭാഷണങ്ങള്‍, സാംസ്‌കാരിക ശില്‍പശാലകള്‍, വിദഗ്ധരും ബുദ്ധിജീവികളും പങ്കെടുക്കുന്ന സെമിനാറുകള്‍, കവിതാ സായാഹ്നങ്ങള്‍, നാടകാവതരണം, കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ, പരിശീലന പരിപാടികള്‍ എന്നിവയും മേളയിലുണ്ടാവും. പ്രദര്‍ശനത്തോടനുബന്ധിച്ച് ജിദ്ദയില്‍ രണ്ട് സമ്മേളനങ്ങള്‍ സംഘടിപ്പിക്കാനും അതോറിറ്റി ആലോചിക്കുന്നത്.ഈ വര്‍ഷം അതോറിറ്റി സംഘടിപ്പിക്കുന്ന മൂന്നാമത്തെ പുസ്തകമേളയാണ് ജിദ്ദയിലേത്. ജൂണില്‍ മദീനയില്‍ പുസ്തകമേള നടന്നിരുന്നു. സെപ്തംബര്‍ അവസാനം റിയാദ് അന്താരാഷ്ട്ര പുസ്തകമേള നടക്കും. സാധ്യമായ രീതിയില്‍ സമൂഹത്തിലെ ആളുകളിലേക്ക് പുസ്തകങ്ങളെത്തിക്കുകയും പ്രസിദ്ധീകരണത്തിനും വിതരണത്തിനും ഔട്ടുലെറ്റുകള്‍ സൃഷ്ടിക്കുകയുമാണ് പുസ്തകമേളയിലൂടെ ലക്ഷ്യമിടുന്നത്. പുസ്തക വ്യവസായത്തിലെ ഒരു പ്രധാന പ്ലാറ്റ്ഫോമായി സൗദി അറേബ്യയെ മാറ്റുന്നതിനും കൂടിയാണിത്.