തിരുവനന്തപുരം : ഞാനെന്ന ബോധ്യത്തിൽ ജീവിക്കാൻ പുതുതലമുറ വിദ്യാർഥികൾ പ്രാപ്തരാകണമെന്ന് മന്ത്രി ആർ ബിന്ദു. അവനവന്റെ വഴിയേതെന്ന് തീരുമാനിക്കാനുള്ള ശേഷിയുണ്ടാക്കി കൊടുക്കുകയെന്നത് കോളേജ് വിദ്യാഭ്യാസത്തിന്റെ പരമപ്രധാനമായ കടമയാണ്. എയ്ഡഡ് കോളേജുകളിലേക്കും ജീവനി പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൾ സെയിന്റ്സ് കോളേജിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. മന്ത്രി ആന്റണി രാജു അധ്യക്ഷനായി. വിദ്യാർഥികളുടെ മാനസിക സംഘർഷം ലഘൂകരിച്ച് മെച്ചപ്പെട്ട കലാലയജീവിതവും ഉന്നതവിദ്യാഭ്യാസവും കൈവരിക്കാൻ പ്രാപ്തരാക്കുന്നതിന് കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 75 സർക്കാർ കോളേജുകളിൽ നടപ്പാക്കുന്ന പദ്ധതിയാണ് ജീവനി.
കോളേജ് വിദ്യാഭ്യാസ ഡയറക്ടർ കെ സുധീർ, കോളേജ് പ്രിൻസിപ്പൽ രശ്മി ആർ പ്രസാദ്, ഡോ. സിസ്റ്റർ ഡിസൂസ പാസ്കോല അഡെൽറിച്ച്, ജീവനി കോർഡിനേറ്റർ ഡോ. ഷിജു ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.