തിരുവനന്തപുരം: ജെസ്ന തിരോധാന കേസന്വേഷണം അവസാനിപ്പിച്ചുള്ള സി.ബി.ഐ റിപ്പോർട്ടിൽ തർക്കമുണ്ടെങ്കിൽ അറിയിക്കണമെന്ന് ജസ്നയുടെ പിതാവിന് തിരുവനന്തപുരം സി.ജെ.എം കോടതി നോട്ടീസയച്ചു. ഈ മാസം 19ന് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. ഈ മാസം ഒന്നിനാണ് ജസ്നക്ക് എന്തുസംഭവിച്ചുവെന്ന് കണ്ടെത്താനായില്ലെന്നും കൂടുതൽ തെളിവുകൾ ലഭിക്കുമ്പോൾ തുടരന്വേഷണമാകാമെന്നും അറിയിച്ച് സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് സി.ജെ.എം കോടതിയിൽ റിപ്പോർട്ട് നൽകിയത്.
തിരോധാനത്തിന് പിന്നിൽ തീവ്രവാദസംഘങ്ങൾക്ക് പങ്കുള്ളതായോ, മതപരിവർത്തനം നടത്തിയതായോ കണ്ടെത്താനായില്ല. ജസ്ന മരിച്ചെന്ന് സ്ഥാപിക്കാവുന്ന തെളിവുകളും ലഭിച്ചില്ല. കേരളത്തിനകത്തും പുറത്തുമുള്ള മതപരിവർത്തന കേന്ദ്രങ്ങളിൽ പരിശോധിച്ചു. തമിഴ്നാട്ടിലും, മുംബൈയിലും നടന്ന അസ്വാഭാവിക മരണങ്ങൾ അന്വേഷിച്ചു. ജസ്നയുടെ ആൺ സുഹൃത്തിനെയും പിതാവിനെയും ബ്രയിൻ മാപ്പിങ്ങിന് വിധേയമാക്കി. പക്ഷേ; തെളിവ് ലഭിച്ചില്ല.
ജസ്ന സമൂഹ മാധ്യമങ്ങളിൽ സജീവമല്ലായിരുന്നു. സ്മാർട്ട് ഫോൺ ഉപയോഗിച്ചിട്ടില്ല. ഇന്‍റർപോളിന്റെ സഹായം തേടി യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഏതെങ്കിലും വിദേശ രാജ്യങ്ങളിൽ കണ്ടെത്തിയാൽ കേസ് വീണ്ടും അന്വേഷിക്കാം -സി.ബി.ഐ റിപ്പോർട്ടിൽ പറയുന്നു. 2018 മാര്‍ച്ച് 22നാണ് മുക്കൂട്ടുതറയില്‍നിന്ന് കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമനിക് കോളജിലെ രണ്ടാംവര്‍ഷ വിദ്യാർഥിയായ ജസ്നയെ കാണാതായത്.
അന്വേഷണ പുരോഗതിയില്ലെന്ന് കാണിച്ച് ക്രിസ്ത്യന്‍ അലയന്‍സ് ആൻഹഡ് സോഷ്യല്‍ ആക്ഷന്‍ സംഘടന ഹൈകോടതിയെ സമീപിച്ചതോടെയാണ് 2021 ഫെബ്രുവരിയിൽ കേസ് സി.ബി.ഐക്ക് വിട്ടത്.
ജസ്ന ഓട്ടോയില്‍ മുക്കൂട്ടുത്തറയിലും ബസില്‍ എരുമേലിയിലും എത്തിയതായി സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പിന്നീട് എന്തുസംഭവിച്ചുവെന്നുള്ള കാര്യമാണ് ദുരൂഹമായി തുടരുന്നത്.