റാഞ്ചി : 29 കാരിയായ വീട്ട് ജോലിക്കാരിയെ അതിക്രൂരമായി ആക്രമിച്ച ജാർഖണ്ഡിലെ ബിജെപി നേതാവ് സീമ പാത്ര അറസ്റ്റിൽ. ജോലിക്കാരിയെ തറയിലെ മൂത്രം നക്കിപ്പിക്കുകയും പാൻ ചൂടാക്കി പൊള്ളിക്കുകയും ചെയ്തിരുന്നു ഇവർ. ആദിവാസി സ്ത്രീയായ ജോലിക്കാരി സുനിത പരിക്കുകളോടെ ആശുപത്രിയിലാണ്. മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ മഹേശ്വർ പത്രയുടെ ഭാര്യയായ സീമ പത്ര, തന്റെ ജീവനക്കാരിയായ സുനിതയെ പീഡിപ്പിക്കുകയും ദിവസങ്ങളോളം പട്ടിണിക്കിടുകയും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പല്ല് പൊട്ടിക്കുകയും ചെയ്തിരുന്നു. ബിജെപി വനിതാ വിഭാഗം ദേശീയ പ്രവർത്തക സമിതി അംഗവും ‘ബേട്ടി ബച്ചാവോ, ബേഠി പഠാവോ’ ക്യംപെയിന്റെ സംസ്ഥാന കൺവീനറുമാണ് സീമ.
അതേസമയം സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ സീമ പത്രയെ ചൊവ്വാഴ്ച ബിജെപി സസ്‌പെൻഡ് ചെയ്തു. സീമ പാത്രയുടെ മകൻ ആയുഷ്മാനാണ് വീട്ടുജോലിക്കാരിയായ സുനിതയെ രക്ഷിച്ചത്. ആയുഷ്മാന്‍ വീട്ടിലെ സംഭവങ്ങൾ സുഹൃത്തായ വിവേക് ബാസ്‌കെയെ അറിയിക്കുകയും സുനിത, വിവേകിനോട് താൻ നേരിട്ട ക്രൂരതകൾ തുറന്നു പറയുകയും അയാളുടെ സഹായത്തോടെ രക്ഷപ്പെടുകയുമായിരുന്നു. പിന്നാലെ സീമയ്ക്കെതിരെ റാഞ്ചിയിലെ അർഗോഡ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
സംഭവത്തിൽ ഇടപെട്ട ദേശീയ വനിതാ കമ്മീഷൻ (എൻസിഡബ്ല്യു) അതിക്രൂരമായ കുറ്റകൃത്യത്തിൽ നടപടിയെടുക്കാൻ ഉത്തരവിട്ടിരുന്നു. സീമ പത്രയ്‌ക്കെതിരായ ആരോപണം അന്വേഷിക്കാനും അവ ശരിയാണെന്ന് കണ്ടെത്തിയാൽ അവരെ അറസ്റ്റ് ചെയ്യാനും ജാർഖണ്ഡ് പൊലീസിനോട് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. നടപടിയെ കുറിച്ച് ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് എൻസിഡബ്ല്യു ആവശ്യപ്പെട്ടിരിക്കുന്നത്. എൻസിഡബ്ല്യു ചെയർപേഴ്സൺ രേഖ ശർമ ഇത് സംബന്ധിച്ച് പൊലീസ് ഡയറക്ടർ ജനറലിന് കത്തയച്ചു.
എസ്‌സി, എസ്ടി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളോട് പാർട്ടിക്ക് സഹിഷ്ണുതയില്ലെന്ന് തെളിയിക്കുന്ന സംഭവം പരസ്യമായി പ്രത്യക്ഷപ്പെട്ടപ്പോൾ അവരെ ഉടൻ തന്നെ സസ്പെൻഡ് ചെയ്തതായി സംസ്ഥാന ബിജെപി അധ്യക്ഷ പറഞ്ഞു. “പാർട്ടിയിൽ നിന്ന് പ്രാഥമിക അംഗത്വം റദ്ദാക്കി. വിഷയം വിശദമായി അന്വേഷിക്കാൻ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം അവർക്കെതിരെ കർശന നടപടിയെടുക്കും. ബിജെപിയിൽ ഇത്തരക്കാർക്ക് സ്ഥാനമില്ല,” ബിജെപി വക്താവ് പറഞ്ഞു. “ഇരയ്ക്ക് നേരെ നടന്ന അതിക്രമം അങ്ങേയറ്റം അസ്വസ്ഥതയുളവാക്കുന്നതാണ്, ഒരു മനുഷ്യനെതിരെയുള്ള ഇത്തരം അക്രമം ലജ്ജാകരമാണ്,” എൻസിഡബ്ല്യുവിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.